മഴ കളിച്ചു; ഹാൻഡ് ബോൾ മത്സരം വൈകി
1466866
Wednesday, November 6, 2024 2:05 AM IST
കോലഞ്ചേരി: അപ്രതീക്ഷിതമായെത്തിയ മഴ വില്ലനായപ്പോൾ ഹാൻഡ് ബോൾ മത്സരം വൈകിയത് രണ്ടര മണിക്കൂർ. കേരള സ്കൂൾ കായികമേള വേദികളിലൊന്നായ പുത്തൻകുരിശ് എംജിഎം സ്കൂളിലാണ് മഴ മൂലം മത്സരം വൈകിയത്. സ്കൂളിന് മുന്നിൽ പുതുതായി നിർമിച്ച ഗ്രൗണ്ടിൽ രണ്ടു കോർട്ടുകളിലായാണ് ഹാൻഡ് ബോൾ മത്സരം സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മഴ പെയ്തതോടെ കളി താല്ക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. മഴവെള്ളം കോർട്ടിൽനിന്ന് ഒഴുകി പോകാത്തത് ബുദ്ധിമുട്ടുണ്ടാക്കി. വോളന്റിയമാരായ കുട്ടികളടക്കമുള്ളവരുടെ ശ്രമഫലമായി വൈരുന്നേരം മൂന്നോടെ കളി പുനരാരംഭിച്ചു. ചാക്കുകൾ ഉപയോഗിച്ച് ഗ്രൗണ്ടിലെ വെള്ളം ഒപ്പി പിഴിഞ്ഞ് കളഞ്ഞാണ് മൽസരം സാധ്യമാക്കിയത്. എങ്കിലും ഹാൻഡ് ബോളിൽ വെള്ളവും ചെളിയും ചേർന്നതോടെ കളിക്കാർ നന്നേ ബുദ്ധിമുട്ടി.
ചെളിനിറഞ്ഞ ഗ്രൗണ്ടിൽ കളിക്കുമ്പോൾ തെന്നിവീഴാനും അപകടം ഉണ്ടാകാനും സാധ്യതയുണ്ടെന്ന ആശങ്ക ടീമുകൾ പങ്കുവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹാൻഡ് ബോൾ മത്സരമാണ് ഇവിടെ നടക്കുന്നത്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ മുതൽ നടക്കും.