വാടകത്തർക്കം; ഹോസ്റ്റൽ നടത്തിപ്പുകാരി താമസക്കാരെ മുറിക്കുള്ളിലാക്കി പൂട്ടി
1461358
Wednesday, October 16, 2024 3:37 AM IST
കാക്കനാട്: കെട്ടിട ഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരിയും തമ്മിലുള്ള വാടകത്തർക്കത്തെ തുടർന്ന് കാക്കനാട് ടിവി സെന്ററിനു സമീപമുള്ള സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരെ ഹോസ്റ്റൽ നടത്തിപ്പുകാരി പൂട്ടിയിട്ടതായി പരാതി. ഇന്നലെ രാവിലെ 10 ഓടെയാണ് നടത്തിപ്പുകാരിയായ സ്ത്രീ ഹോസ്റ്റലിന്റെ പ്രധാന വാതിൽ താഴിട്ടു പൂട്ടിയത്.
മൂന്നു താമസക്കാർ ഹോസ്റ്റലിനുള്ളിലുണ്ടായിരുന്നു. ഇവർ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരാണ്. അയൽവാസികൾ കെട്ടിട ഉടമയെ വിവരമറിയിച്ചതിനെതുടർന്ന് ഉടമ തൃക്കാക്കര പോലീസിൽ പരാതി നൽകി. വൈകിട്ട് മൂന്നോടെ എത്തിയ പോലീസ് പ്രധാന വാതിലിന്റെ ലോക്ക് പൊട്ടിച്ചാണ് ഉള്ളിലുള്ളവരെ പുറത്തിറക്കിയത്.
ഹോസ്റ്റൽ നടത്തിപ്പുകാരിയെ പലവട്ടം വിളിച്ച് വാതിൽ തുറക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ എത്താൻ വൈകിയതിനെതുടർന്നാണ് പോലീസ് എത്തി ഹോസ്റ്റൽ മുറിയിൽ അകപ്പെട്ടവരെ രക്ഷിച്ചത്.
ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് നടത്തിപ്പുകാരി ഹോസ്റ്റൽ പൂട്ടിയതെന്ന് കെട്ടിട ഉടമ പറഞ്ഞു. താമസക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയതായി തൃക്കാക്കര പോലീസ് പറഞ്ഞു.