കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിതാമോൾ അവിശ്വാസത്തിൽ പുറത്ത്
1461355
Wednesday, October 16, 2024 3:29 AM IST
ഭരണകക്ഷിയായ ട്വന്റി 20യാണ് സ്വന്തം പ്രസിഡന്റിന് എതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്
കിഴക്കമ്പലം: ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് എം.വി. നിതാമോൾക്കെതിരേ ഭരണകക്ഷി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. നിതാമോൾ ഒഴികെയുള്ള പത്ത് അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. നിതാമോളും പ്രതിപക്ഷാംഗങ്ങളും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
ആകെ പതിനെട്ട് അംഗങ്ങളിൽ എൽഡിഎഫ്-രണ്ട്, യുഡിഎഫ്-അഞ്ച്, ട്വന്റി 20-11 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷം വോട്ടെടുപ്പു ചർച്ചയിൽ സംബന്ധിച്ചെങ്കിലും വോട്ടിംഗിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.
ബിഡിഒ കെ. മുബയായിരുന്നു റിട്ടേണിംഗ് ഓഫീസർ. പ്രസിഡന്റ് പ്രതിപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ഭരണകക്ഷി തന്നെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. നിതാമോൾ സത്യപ്രതിജ്ഞാ ലംഘനങ്ങളും ക്രിമിനൽ ഗൂഢാലോചനയും അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയിട്ടുള്ളതായി ട്വന്റി 20 പാർട്ടി പത്രക്കുറിപ്പിൽ ആരോപിച്ചു.