മുനമ്പം ഉപവാസ സമരം നാലാം ദിനത്തിലേക്ക്
1461350
Wednesday, October 16, 2024 3:29 AM IST
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തില്‍ നടക്കുന്ന മുനമ്പം കടപ്പുറം നിവാസികളുടെ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടു. ഇന്നലെ ഫിലിപ് ജോസഫ് തയ്യില്‍, ഭാര്യ സന്ധ്യ ഫിലിപ് എന്നിവരാണ് ഉപവാസമിരുന്നത്.
മൂന്നാം ദിനത്തിലെ ഉപവാസസമരം കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ സമരക്കാരെ ഷാള്‍ അണിയിച്ച് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് ഭൂസംരക്ഷണ സമിതി ചെയര്മാന് സെബാസ്റ്റ്യന്‍ പാലക്കല്‍ സമരക്കാര്‍ക്കു നാരങ്ങാനീര് നല്കി ഇന്നലത്തെ ഉപവാസ സമരം അവസാനിപ്പിച്ചു.
മൂന്നാം ദിനത്തിലെ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടപ്പുറം രൂപത ആസ്ഥാനത്തെയും, സാമൂഹ്യ സേവന വിഭാഗമായ കിഡ്സിലെയും വൈദികര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റ് എറണാകുളം ജില്ലാ താലൂക്ക് ഭാരവാഹികള്‍ എന്നിവര്‍ എത്തി.