കാറ്ററിംഗ് സ്ഥാപനയുടമയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
1461220
Tuesday, October 15, 2024 5:48 AM IST
വൈപ്പിൻ: നായരമ്പലത്ത് കാറ്ററിംഗ് സ്ഥാപന ഉടമ അറക്കൽ ജോസഫ് (ഓച്ചൻ -52 )കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭാര്യ പ്രീതി (മോനിക്ക- 45) യെ പോലീസ് കൊലപാതകം നടന്ന വീട്ടുവളപ്പിൽ എത്തിച്ച് തെളിവെടുപ്പു നടത്തി.
കുറ്റസമ്മതം നടത്തിയ പ്രതി കുത്താനുപയോഗിച്ച ഓൺലൈനിൽ വാങ്ങിയ കറുത്ത കത്തി വീടിനുള്ളിൽ നിന്നും എടുത്ത് പോലീസിനു നൽകി. സവാള അരിഞ്ഞു കൊണ്ടിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതത്രേ. ഇതിനു ശേഷം കത്തി കഴുകി വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
ജോസഫിന്റെ പിന്നിലൂടെ എത്തിയാണ് കുത്തിയത്. ഇടതു നെഞ്ചിനേറ്റ കുത്തുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക്, സയന്റിഫിക് വിദഗ്ധർ എത്തി പരിശോധനകൾ നടത്തി. ജോസഫും ഭാര്യയും തമ്മിലുള്ള രൂക്ഷമായ കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം ഞാറക്കൽ സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.