ഏലൂരിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം
1461219
Tuesday, October 15, 2024 5:48 AM IST
ഏലൂർ: വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മയുൾപ്പെടെ മൂന്നുപേർ മരിച്ചു. സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ടും ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുമായിരുന്നു അപകടങ്ങൾ.
ചേരാനല്ലൂർ ഭാഗത്തുനിന്നും ഏലൂർക്ക് ഇരുചക്രവാഹനത്തിൽ വരുന്പോൾ കോരന്പാടം ജംഗ്ഷനിൽ കണ്ടയ്നർ ലോറിയിൽ വാഹനത്തിന്റെ ഹാൻഡിൽ ഉടക്കി വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു വീട്ടമ്മയുടെ ദാരുണാന്ത്യം.
ഏലൂർ സൗത്ത് പള്ളിപ്പുറംചാലിൽ മണവാളൻ വീട്ടിൽ ജോസഫിന്റെ ഭാര്യ വിൻസി (59) കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
ഇരുചക്രവാഹനത്തിന്റെ പിൻവശത്ത് ഇരുന്ന വിൻസി കണ്ടയ്നർ ലോറിക്ക് അടിയിൽ വീണ് ലോറി കയറി ഇറങ്ങി. വാഹനം ഓടിച്ചിരുന്ന ശ്രീജ എതിർവശത്തേക്ക് തെറിച്ചു വീണു പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. വിൻസിയുടെ മൃതദേഹം ആസ്റ്റർ മെഡിസിറ്റി മോർച്ചറിയിലാണ്. മക്കൾ: അജിൻ, അനു.
കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറി ഇടിച്ച് എസി മെക്കാനിക്കുകളായ യുവാക്കളാണ് മരിച്ചത്. രാത്രി 11ഓടെയായിരുന്നു അപകടം. കളമശേരി പുതിയ റോഡ് വണ് ടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ രാഹുൽ രാജ് (22), ആദിഷ് (21) എന്നിവരാണ് മരിച്ചത്.
ഇരുവരും കളമശേരിയിൽനിന്നു ഭക്ഷണം കഴിച്ചശേഷം പാതാളത്തെ താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങവെയായിരുന്നു അപകടം. നാട്ടുകാർ ഉടൻ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി കന്പിളികണ്ടം പാറത്തോട് പൂക്കാട്ട് വീട്ടിൽ രാജൻ കുട്ടിയുടെ മകനാണ് രാഹുൽ രാജ്. അമ്മ: ബിന്ദു. സഹോദരി: രാധിക (ഡിഗ്രി വിദ്യാർഥിനി). കോഴിക്കോട് പയ്യോളി മണിയൂരിൽ തൈവച്ചപറന്പിൽ രമേശന്റെ മകനാണ് ആദിഷ്. അമ്മ: ബീന. സഹോദരൻ: അനന്തു.