‘അമ്മ’ ഉടച്ചു വാര്‍ക്കണം: കുഞ്ചാക്കോ ബോബന്
1461218
Tuesday, October 15, 2024 5:48 AM IST
കൊച്ചി: നടന്മാര്ക്കെതിരായ ലൈംഗിക ആരോപണത്തില്‍ സത്യാവസ്ഥ തെളിയണമെന്ന് നടന് കുഞ്ചാക്കോ ബോബന്. ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടേ മതിയാകൂ. ആര്‍ക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചുപറയുന്ന സ്ഥിതിയാണ് ഇന്നുള്ളത്. താരസംഘടനയായ അമ്മ ഉടച്ചു വാര്‍ക്കണം. ആരോപണവിധേയര്‍ മാറിനില്‍ക്കുന്നത് സ്വാഗതാര്‍ഹമാണെന്നും നടന് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
"അമ്മ'യുടെ നേതൃനിരയിലേക്ക് വരാന്‍ ഇപ്പോള്‍ ആലോചനയില്ല. ഔദ്യോഗികമായി സംഘടനയില്‍ അത്തരമൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. സംഘടനയുടെ പേര് തന്നെ അമ്മ എന്നാണ്. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനയായി അമ്മ ശക്തമായി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
സംഘടന ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. സിനിമയ്ക്ക് സംഘടന ആവശ്യമാണ്. സിനിമയില്‍ മാത്രമല്ല, ഒരു ജോലി സ്ഥലത്തും സ്ത്രീ അബലയാണെന്ന് തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.