ആസാം സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസ് : ഭാര്യയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
1461215
Tuesday, October 15, 2024 5:48 AM IST
മൂവാറ്റുപുഴ: ആസാം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. ബാബുൾ ഹുസൈനെ (39) കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം ഭാര്യയായ സെയ്ത ഖാത്തൂണിനെ (38) സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി ദന്പതികൾ മുടവൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
സമീപത്തെ വീടുകളിൽ കൂലിവേല ചെയ്തായിരുന്നു ഇവരുടെ ജീവിതം. രണ്ടുമാസം മുൻപ് പ്രതിയുടെ ജ്യേഷ്ഠത്തി എത്തി ഇവർക്ക് സമീപം താമസമാക്കി. രണ്ടുനില വീടിന്റെ പിൻവശം ഒന്നാം നിലയിലെ ടെറസിലാണ് ദന്പതികൾ താമസിച്ചിരുന്നത്.
ജ്യേഷ്ഠത്തിയും കുട്ടിയും 50 മീറ്ററോളം മാറിയുള്ള ഒരു ഷെഡിലാണ് കഴിഞ്ഞത്. വഴക്കുകൾ പതിവായിരുന്നുവെന്നും ദേഹോപദ്രവം ഏൽക്കാറുണ്ടെന്നും സെയ്ത ഖാത്തൂണ് പോലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏഴിന് രാവിലെ എട്ടോടെ താമസിച്ചിരുന്ന ടെറസിന്റെ മുകളിൽ അഴുകിയ നിലയിൽ കൊതുക് വലയ്ക്കുള്ളിൽ മൂടിപ്പുതച്ച് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഒന്നിന് വൈകുന്നേരം രണ്ട് പേരും തമ്മിൽ വഴക്കുണ്ടാവുകയും പിന്നീട് ഉറങ്ങാൻ കിടന്ന ബാബുൾ ഹുസൈനെ ഭാര്യ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഉടനെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത് സമീപമുള്ള ഷെഡിലെത്തി ജ്യേഷ്ഠത്തിയെയും കുട്ടിയോടുമൊപ്പം ബസിൽ പെരുന്പാവൂരിൽ എത്തി. അവിടെനിന്ന് ഓട്ടോറിക്ഷയിൽ ആലുവയ്ക്ക് പോവുകയും ട്രെയിൻ മാർഗം ആസാമിലേക്ക് കടന്നുകളയുകയുമായിരുന്നു.
കൊല്ലപ്പെട്ട ബാബുൾ ഹുസൈന്റെ മൃതദേഹം ആറു ദിവസത്തിനു ശേഷം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബംഗ്ലാദേശ് അതിർത്തിയുള്ള ആസാമിലെ ഗ്രാമത്തിൽനിന്നും മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.