ആലുവ - മൂന്നാർ റോഡ് വികസനം കബർസ്ഥാനുകൾ പൊളിക്കില്ലെന്ന് കിഫ്ബി ഉന്നതതലയോഗം
1461204
Tuesday, October 15, 2024 2:06 AM IST
കോതമംഗലം: എ.എം റോഡിൽ ആലുവ മുതൽ കോതമംഗലം വരെയുള്ള ഭാഗം നാലുവരിയാക്കുന്പോൾ കബർസ്ഥാനുകൾ പൊളിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി ഉന്നതതലയോഗം തീരുമാനിച്ചതായി എംഎൽഎമാരായ ആന്റണി ജോണ്, എൽദോസ് കുന്നപ്പള്ളി, പി.വി. ശ്രീനിജിൻ എന്നിവർ സംയുക്തമായി അറിയിച്ചു.
കബർസ്ഥാനുകൾ വരുന്ന ഇടങ്ങളിൽ റോഡിന്റെ മീഡിയൻ, നടപ്പാതയുടെ വീതി, ഇവ കുറയ്ക്കും. ഈയിടങ്ങളിൽ റോഡിന്റെ പരമാവധി ടാറിംഗ് വീതിയായ 15.5 മീറ്റർ തന്നെ ഉറപ്പുവരുത്താൻ കബർസ്ഥാൻ പൊളിക്കാതെതന്നെ കഴിയുമെന്ന് അധികൃതർ വിലയിരുത്തി.
ആരാധനാലയങ്ങളും കടകളും വീടുകളും പരമാവധി സംരക്ഷിക്കുവാൻ ശ്രദ്ധിച്ചുള്ള അലൈൻമെന്റാണ് നിലവിലുള്ളതെന്ന് അധികൃതർ വിശദീകരിച്ചു.
കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. ഏബ്രഹാമിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനപ്രതിനിധികളും കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥരും മഹല്ല് കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.