എറണാകുളം നോർത്തിൽ നടപ്പാതയിൽ കാർ പാർക്കിംഗ്; കാൽനടയാത്രികർക്ക് പെരുവഴി
1460882
Monday, October 14, 2024 3:51 AM IST
കൊച്ചി: നഗരത്തിലെ തിരക്കേറിയ നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലെ നടപ്പാത അടച്ചുള്ള കാർ പാർക്കിംഗിനെ തുടർന്ന് കാൽ നടയാത്രികർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥ. നിരവധി വാഹനങ്ങളാണ് നടപ്പാതയിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. മെട്രോയിൽ വന്നിറങ്ങിയ ശേഷവും ടൗൺ ഹാൾ സ്റ്റോപ്പിൽ ബസിറങ്ങിയ ശേഷവും റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു വരുന്നത് നൂറു കണക്കിനു പേരാണ്.
ഇവർക്ക് നിലവിൽ റോഡിലേക്കിറങ്ങി, വാഹനങ്ങൾക്കിടയിലൂടെ നടന്നു പോകേണ്ട അവസ്ഥയാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ കാൽനടയാത്രികർ അപകടത്തിൽപ്പെടുന്നതും ഓടയിൽവീഴുന്നതും പതിവാണ്.
പ്രദേശത്ത് ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പോലീസ് ഇല്ലെന്നും വിളിച്ചു പരാതിപ്പെട്ടാൽ മാത്രം ഇവർ വന്നു പോകുമെന്നും വ്യാപാരികൾ പറഞ്ഞു. പ്രദേശത്തെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിംഗും പോലീസ് കണ്ടില്ലെന്നു നടിക്കുന്നത് നിയമലംഘനം നടത്താൻ കാരണമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
പാർക്കിംഗ് സൗകര്യം ഒരുക്കാതെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർമാണ ജോലികൾ ആരംഭിച്ചത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്ന് വാഹനയാത്രികർ പറഞ്ഞു.