പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ മുട്ടുകുത്തി പ്രതിഷേധം
1460726
Saturday, October 12, 2024 4:11 AM IST
മൂവാറ്റുപുഴ: വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരേ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തത്തിൽ മുട്ടുകുത്തിനിന്ന് പ്രതിഷേധം സംഘടിപ്പിച്ചു.
നഗരത്തിൽ പല മേഖലകളിലും പൈപ്പുകൾ പൊട്ടി ജലവിതരണം തടസപ്പെടുകയാണ്. ഇതുമൂലം ഉയർന്ന പ്രദേശങ്ങിൽ വെള്ളമെത്തിയിട്ട് നാളുകളായി. നെഹ്റു പാർക്കിന് സമീപം പഴയ പാലം തുടങ്ങുന്നിടത്ത് ഗർത്തം രൂപപ്പെട്ട് ജലം പാഴാകുന്നുണ്ട്. ഗതാഗത കുരുക്കിനും ഇത് കാരണമാകുന്നുണ്ട്.
വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളിയും സാമൂഹിക പ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് മുട്ടുകുത്തി പ്രതിഷേധിച്ചത്. മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ പല മേഖലകളിൽ നിന്നുമുള്ള ജനങ്ങൾ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ഉച്ചയ്ക്ക് 12ന് ആരംഭിച്ച സമരം വൈകുന്നേരം മൂന്നുവരെ നീണ്ടു.
ഒടുവിൽ പാഴായിപോകുന്ന ജലം കപ്പിൽ കോരി കുളിച്ചാണ് സമരം അവസാനിപ്പിച്ചത്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നിരവധിയിടങ്ങളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്.