നവരാത്രി മഹോത്സവം: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്ക്
1460720
Saturday, October 12, 2024 4:02 AM IST
പറവൂര്‍: പറവൂർ ദക്ഷിണ മുകാംബിക ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്ക്. മഹാനവമി ദിനമായ ഇന്നു രാവിലെ ഏഴു മുതൽ രാത്രി എട്ട് വരെ സംഗീതാർച്ചന, വയലിൻ ഡ്യുവറ്റ്, നൃത്തനൃത്ത്യങ്ങൾ, യോഗ ഡാൻസ്, ഗസൽ, വയലിൻ സോളോ, കുടുക്ക വീണക്കച്ചേരി, തിരുവാതിരക്കളി എന്നിവ നടക്കും. രാത്രി എട്ടിന് പറവൂർ അമൃതവാണി കലാക്ഷേത്രത്തിന്റെ വെങ്കിടേശ്വര മഹാത്മ്യം നൃത്തശിൽപം എന്നിവ നടക്കും.
വിജയദശമി ദിനമായ നാളെ ആദ്യാക്ഷരം കുറിക്കാൻ എത്തുന്നവർക്കായി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് കോണില്‍ പ്രത്യേക വിദ്യാരംഭ മണ്ഡപം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിദ്യാരംഭത്തിന് തുടക്കം കുറിക്കും.
ഡോ. കെ.കെ. ബീന, കുന്നത്തൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, അഡ്വ.എം. കെ. രാമചന്ദ്രൻ, ഐ.എസ്. കുണ്ടൂർ, പ്രഫ. കെ. സതീശ് ബാബു, രേഖ പാർഥസാരഥി, പറവൂർ ജ്യോതിസ് തുടങ്ങി ഇരുപതോളം ഗുരുക്കന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.ഉച്ചവരെ വിദ്യാരംഭം നടക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ ദർശനത്തിന്നെത്തും. വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.രാവിലെ ഏഴു മുതൽ ഭക്തിഗാനാമൃതം, നൃത്തനൃത്ത്യങ്ങൾ, കളരിപ്പയറ്റ്, ക്ലാസിക്കൽ ഡാൻസ് എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും. വൈകിട്ട് ഏഴിന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോയോടെ നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കും.