എടയാർ വ്യവസായ മേഖലയിൽ വീണ്ടും അപകടം: സൾഫർ നിർമാണശാലയിൽ തീപിടിത്തം; ആളപായമില്ല
1460376
Friday, October 11, 2024 3:23 AM IST
ആലുവ: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിൽ വീണ്ടും തീപിടുത്തം, ആളപായമില്ല. വ്യാവസായിക ആവശ്യത്തിന് സൾഫർ ഉത്പാദിപ്പിക്കുന്ന എ.കെ. കെമിക്കൽസ് എന്ന കമ്പനിയിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്.
സംഭവസമയം ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മേഖലയിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. സ്ഥാപനത്തിൽ ശേഖരിച്ചിരുന്ന സൾഫറിന് ഇന്നലെ വൈകിട്ട് നാലോടെയാണ് തീപിടിച്ചത്. അസംസ്കൃത വസ്തുക്കളിൽ നിന്നു സൾഫർ വേർതിരിച്ചെടുക്കുന്ന യൂണിറ്റാണിത്. അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പെരിയാറിലേക്ക് മാലിന്യമൊഴുക്കിയതിന് മാസങ്ങൾക്ക് മുൻപ് മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയ സ്ഥാപനമാണിത്.
കഴിഞ്ഞ ഞായറാഴ്ച എടയാറിൽ പ്രവർത്തിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക്സ് എന്ന കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടാകുകയും ഒരു ഇതരസംസ്ഥാന തൊഴിലാളി മരണപ്പെടുകയും ചെയ്തിരുന്നു.