ഹരിതകർമ സേന യൂസർ ഫീസ് വെട്ടിക്കുറച്ചു
1460216
Thursday, October 10, 2024 7:24 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ ഹരിതകർമ സേനയുടെ യൂസർ ഫീസ് വെട്ടിക്കുറച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് തീരുമാനം. നഗരത്തിലെ വീടുകളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ സേനയ്ക്ക് നൽകിയിരുന്ന ഫീസിനാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഒരു വീട്ടിൽനിന്നും 70 രൂപയാണ് യൂസർ ഫീസായി ഈടാക്കിയിരുന്നത്.
അജൈവ മാലിന്യങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ 70 രൂപ നൽകാൻ കഴിയില്ലെന്ന് നഗരസഭയിലെ സാധാരണക്കാരായ ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ജൂണിൽ നടന്ന നഗരസഭ കൗണ്‍സിൽ യോഗത്തിൽ ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍ പ്രമേയം അവതരിപ്പിച്ചു.
ഫീസ് കുറച്ചുകൊണ്ട് നഗരസഭയിലെ മുഴുവൻ വീടുകളെയും പദ്ധതിയിൽ ഉൾക്കൊള്ളിച്ചാൽ നഗരസഭയ്ക്ക് അധിക ബാധ്യത ഉണ്ടാവുകയില്ലെന്നും അംഗങ്ങൾ പറഞ്ഞു. ചർച്ചയുടെ ആദ്യഘട്ടത്തിൽ നഗരസഭ ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ എന്നിവർ നിർദേശം അംഗീകരിച്ചിരുന്നില്ല. പിന്നീട് വിഷയം വോട്ടിനിട്ട ശേഷം ഭൂരിപക്ഷ പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാട് വന്നതോടെ ഭരണസമിതി യുഡിഎഫ് കൗണ്‍സിലറുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. നവംബർ ഒന്നു മുതൽ പുതിയ നിരക്ക് വരും.