സിപിഎമ്മിലെ കൂട്ടത്തല്ല് : ഏരിയാ കമ്മിറ്റിയംഗത്തിന് എതിരേ നടപടി വന്നേക്കും
1460028
Wednesday, October 9, 2024 8:25 AM IST
കൊച്ചി: സിപിഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റിക്കു പിന്നാലെയുണ്ടായ കൂട്ടത്തല്ല് പാര്ട്ടിക്കുള്ളിലുയര്ത്തിയ പ്രകന്പനങ്ങൾക്കിടെ, നിർണായക ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കെ, തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയിലെ പൊട്ടിത്തെറി ഇന്നത്തെ കമ്മിറ്റികളില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്ക്കിടയാക്കിയേക്കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന് ഇന്നത്തെ കമ്മിറ്റികളില്‍ പങ്കെടുക്കും. രാവിലെ നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റിനെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി യോഗം. തുടര്‍ന്ന് പാര്‍ട്ടി ഏരിയ, എല്‍സി സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിംഗും നടക്കും. കമ്മിറ്റികളില്‍ പൂണിത്തുറയിലെ കൂട്ടത്തല്ലും ഉദയംപേരൂരില്‍ പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് പോയതും കൂത്താട്ടുകുളത്തെ പ്രശ്നങ്ങളും ചര്‍ച്ചയാകും.
അതേസമയം സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ തല്ലിലേക്കും അറസ്റ്റിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ച് ഇപ്പോള്‍ നടപടി നേരിട്ടവരില്‍ ഭൂരിഭാഗവും സിപിഐയില്‍ നിന്ന് അടുത്ത കാലങ്ങളിലായി സിപിഎമ്മിലെത്തിയവരാണെന്നു പറയുന്നു.
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും പ്രശ്നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴച്ചവര്‍ സമീപകാലത്ത് പാര്ട്ടിയിലെത്തിയവരായതിനാല് ആരോപണ വിധേയരെ ഏതു വിധത്തിലും സംരക്ഷിക്കാനാണ് ശ്രമം. ആരോപണം നേരിട്ട മുന്‍ എല്‍സി സെക്രട്ടറിയും ഇപ്പോഴത്തെ എല്സിസെക്രട്ടറിയും പിണറായി പക്ഷക്കാരാണ്. കമ്മിറ്റിയില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ മുതലാക്കി പ്രശ്നക്കാരെ ഒതുക്കി നിര്‍ത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
പുതിയ ബ്രാഞ്ച് സെക്രട്ടറിമാരെ ഈ പ്രശ്നത്തിലേക്ക് ഇറക്കിവിട്ട പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗത്തിനെതിരെയും നടപടി വരാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചാല്‍ പാര്‍ട്ടി ശിക്ഷാ നടപടികള്‍ ആ സമയത്തുണ്ടാകില്ലെന്ന സംഘടനാ നയത്തിന്റെ പിന്‍പറ്റിയാണ് സമ്മേളന കാലത്ത് തന്നെ ഒരു വിഭാഗം പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് പാര്‍ട്ടി പ്രശ്നക്കാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുന്നത്.
പൊതുജനങ്ങള്‍ക്കിടയില്‍, പാര്‍ട്ടിക്കുണ്ടായ അവമതിപ്പ് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 11ന് പേട്ടയില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തേക്കും. അതിനിടെ പാര്‍ട്ടിയുടെ ഒരു ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമങ്ങളെ വിളിച്ചു പറഞ്ഞ് ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയയാള്‍ ആള്‍ക്കൂട്ടത്തെ കണ്ട് പരാതി നല്‍കാതെ തിരിച്ചു പോയി.