ചാലാശേരി തറവാട്ടിലേക്ക് അഞ്ചേകാലും കോപ്പും സമ്മാനിച്ചു
1460007
Wednesday, October 9, 2024 8:19 AM IST
പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് ചാലാശേരി തറവാട്ടിലേക്ക് "അഞ്ചേകാലും കോപ്പും’ നല്കി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ രാജാക്കളുടെനട എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലം പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശേരി പണിക്കര്‍ മുഖാന്തരം കുഴിക്കാട്ടു നമ്പൂതിരിയോട് പറയ്ക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിയതെന്ന് ചരിത്രം പറയുന്നു. അന്ന് മുതൽ ഉപകാരസ്മരണയ്ക്കായി കല്ലിട്ട പെരുന്നാള്‍ ദിവസം ചാലാശേരി തറവാട്ടിലെ മുതിര്‍ന്ന കാരണവരെ ‘അഞ്ചേകാലും കോപ്പും' നല്കി ആദരിച്ചുവരുന്നത്.
കുര്‍ബാനയ്ക്ക് ശേഷം പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിനെതുടർന്ന് നടന്ന ചടങ്ങില്‍ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ചാലാശേരിയിലെ മുതിർന്ന അംഗമായ വേണുഗോപാലിന്റെ നിര്യാണത്തെതുടർന്ന് ഭാര്യ ജയ വേണുഗോപാൽ, മകൾ കീർത്തന, മരുമകൻ ശ്രേയസ് എന്നിവർക്ക് അഞ്ചേകാലും കോപ്പും സമ്മാനിച്ചു.
അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, ഒരുകെട്ട് പപ്പടം, വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും. ഇതോടനുബന്ധിച്ച് എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളും ആഘോഷിച്ചു.