യുവാവിന്റെ ഫോണും പണവും കവര്‍ന്നു; സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍
1459720
Tuesday, October 8, 2024 7:36 AM IST
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്ന് ഭക്ഷണം കഴിച്ച് തിരികെ മുറിയിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ഫോണും പണവും കവര്‍ന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി രേഖ, കണ്ണൂര്‍ സ്വദേശികളായ റിയാസ്, സാജിദ്, അര്‍ഷാദ്, പയ്യന്നൂര്‍ സ്വദേശി അഖില്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
കഴിഞ്ഞ 30 ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇടുക്കി സ്വദേശിയുടെ 15,000 രൂപ വില വരുന്ന മൊബൈല്‍ഫോണും 1,500 രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ഭാഗത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.