ആലുവ നഗരസഭ ജലധാര നവീകരണം : നഗരസഭാ ഓഫീസിൽ വിജിലൻസ് റെയ്ഡ് സിഎംആർഎൽ കമ്പനി ഫണ്ട് കാണാനില്ല
1459446
Monday, October 7, 2024 4:56 AM IST
ആലുവ : നഗരസഭാ അങ്കണത്തിലെ ജലധാര നവീകരണത്തിനായി സിഎംആർഎൽ കമ്പനി നൽകിയ എട്ടുലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ട് കാണാതായതായി ആരോപണം. പരാതിയെ തുടർന്ന് വിജിലൻസ് വിഭാഗം ബന്ധപ്പെട്ട രേഖകളുടെ പ്രാഥമികാന്വേഷണം നടത്തി.
2021ലാണ് ആലുവ നഗരസഭ ഓഫീസ് കെട്ടിടത്തിനു മുന്നിലുള്ള വാട്ടർ ഫൗണ്ടൻ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചത്.
ഈ പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ചെലവാണ് നഗരസഭ പ്രഖ്യാപിച്ചത്. എന്നാൽ നഗരസഭയുടെ സിഎഫ്സി ഗ്രാന്റായ ഏഴുലക്ഷം രൂപയ്ക്കാണ് നിർമാണം നടന്നതെന്ന് വാർഷിക പദ്ധതിയിലടക്കം പരാമർശിക്കുകയും ചെയ്തു. 6,99,000 രൂപയുടെ ചെലവ് എൻജിനീയർ വിഭാഗം പാസാക്കുകയും ചെയ്തു.
അതേസമയം ജലധാര നവീകരണത്തിന് സിഎംആർഎൽ ഫണ്ടായി എട്ടുലക്ഷം രൂപ ലഭിച്ചതായി നഗരസഭ അവകാശപ്പെടുകയും ചെയ്തു. ജലധാരയുടെ ഉദ്ഘാടന ചടങ്ങിൽ സിഎംആർഎൽ പ്രതിനിധി പങ്കെടുത്തിരുന്നു. ജലധാരയുടെ ശിലാഫലകത്തിൽ സിഎംആർഎൽ പ്രതിനിധിയുടെ പേരും ഉൾപ്പെടുത്തി.
എന്നാൽ സിഎസ്ആർഎൽ ഫണ്ട് നഗരസഭയുടെ ഏത് ബാങ്ക് അക്കൗണ്ടിൽ വന്നതെന്ന ഒരു രേഖയും ഇല്ലായെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി കഴിഞ്ഞ ഓഗസ്റ്റ് മാസം സെക്രട്ടറിക്ക് പരാതി നല്കിയതാണെങ്കിലും ഒരു മറുപടിയും സെക്രട്ടറി എടുത്തിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
സിഎംആർഎൽ കൊടുത്ത തുകയടക്കം ബാക്കി എട്ടുലക്ഷം രൂപയുടെ തിരിമറി നഗരസഭയിൽ നടന്നിട്ടുണ്ടെന്ന പരാതിയിന്മേലുള്ള പ്രാഥമിക പരിശോധനയാണ് വിജിലൻസ് നടത്തിയത് എന്നാണ് സൂചന.