ജൽജീവൻ മിഷൻ: റോഡുകൾ പുനർ നിർമിക്കണമെന്ന് എംഎൽഎ
1459254
Sunday, October 6, 2024 4:27 AM IST
മൂവാറ്റുപുഴ: ജൽജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡുകൾ വേഗത്തിൽ പുനർ നിർമിക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ മാത്യു കുഴൽനാടൻ എംഎൽഎ നിർദേശം നൽകി. മൂവാറ്റുപുഴ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജൽജീവൻ മിഷന്റെ ഭാഗമായി വെട്ടിപ്പൊളിച്ചത്. പൈപ്പ് ഇട്ടതിനു ശേഷവും ഈ റോഡുകളുടെ പുനർ നിർമാണം നീളുകയാണ്.
പൈപ്പുകൾ സ്ഥാപിച്ച ശേഷം പഞ്ചായത്ത് അധികൃതർ, ജല വകുപ്പ് എന്നിവർ റോഡ് പരിശോധന നടത്തണം. ജനങ്ങൾ പരാതി ഉന്നയിക്കുന്നതിന് മുൻപ് തന്നെ വെട്ടിപ്പൊളിച്ച റോഡ് പൂർവ സ്ഥിതിയിലേക്ക് മാറ്റണമെന്ന് എംഎൽഎ പറഞ്ഞു. റോഡിന്റെ വശങ്ങളിൽ മണ്ണ് ഉയർന്നു നിൽക്കുന്നത് മൂലം ബൈക്ക് യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
പരിപാലന കാലാവധി പൂർത്തിയാകാത്ത ബിഎം ബിസി നിലവാരത്തിലുള്ള റോഡുകൾ പോലും വെട്ടിപ്പൊളിച്ചു മോശമാക്കി ഇട്ടിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് താലൂക്ക് വികസന സമിതിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ചത്.