തട്ടേക്കാട് സങ്കേതത്തിന്റെ അതിർത്തി നിർണയം : സംസ്ഥാന വന്യജീവി ബോർഡിന്റെ പ്രത്യേക യോഗം ഇന്ന്
1459020
Saturday, October 5, 2024 5:00 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്റെ പ്രത്യേക യോഗം ഇന്ന് ചേരുമെന്ന് ആന്റണി ജോണ് എംഎൽഎ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണയിക്കുന്നത്തിനും, അതിർത്തിക്കുള്ളിലെ ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കുന്നതിനുമുള്ള നിർദേശം കഴിഞ്ഞ സംസ്ഥാന വന്യജീവി ബോർഡ് യോഗം കേന്ദ്ര സർക്കാരിൽ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതേ സംബന്ധിച്ച് അധിക വിവരങ്ങൾ ആവശ്യപ്പെടുകയും, നിർദേശം സംബന്ധിച്ച് ചില വ്യക്തതകൾ കൂടി ആരായുകയും ചെയ്തു.
കേന്ദ്ര വന്യജീവി ബോർഡിന്റെ യോഗം ഒന്പതിന് ചേരാൻ തീരുമാനിച്ചിട്ടുള്ളതിനാൽ തട്ടേക്കാടിന്റെ വിഷയം ചർച്ച ചെയ്ത് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനാണ് സംസ്ഥാന വന്യജീവി ബോർഡിന്റെ അടിയന്തര യോഗം ഇന്ന് വിളിച്ച് ചേർക്കാൻ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു.
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട വിശദ വിവരങ്ങൾ യോഗം ചർച്ച ചെയ്ത് കേന്ദ്ര സർക്കാരിന് അടിയന്തരമായി നൽകുന്നതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പ് നൽകിയതായും എംഎൽഎ പറഞ്ഞു.