ബിജെപിയുടെ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
1458996
Saturday, October 5, 2024 4:39 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഒടുവില്‍ എറണാകുളം എസിപി പി. രാജ്കുമാര് സ്ഥലത്തെത്തി പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് മഹാരാജാസ് കോളജിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ഇതു മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്. അഡ്വ. ടി.പി. സിന്ധുമോള്‍ തുടങ്ങിവരും പങ്കെടുത്തു.
പിണറായി വ്യാജ നിര്‍മിതിയുടെ ആള്‍രൂപം: കെ. സുരേന്ദ്രന്
പിണറായി വ്യാജ നിര്‍മിതിയുടെ ആള്‍രൂപമായി മാറിയെന്നന് കെ. സുരേന്ദ്രന്. സംസ്ഥാനം ഇതുവരെ കാണാത്ത വിധത്തിലുള്ള കൊള്ളയും അഴിമതിയും സ്വണക്കടത്തും ഹവാല ഇടപാടുകളുമാണ് കഴിഞ്ഞ എട്ടു വര്‍ഷമായി നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇതിന് നേതൃത്വം നല്കുന്നു. പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയമായും ധാര്‍മികമായും അവകാശമില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണം അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോള്‍ പിആര്‍ ഏജന്‍സിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തെ കബളിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തിയ കുത്സിത ശ്രമമായിരുന്നു അത്. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാന്‍ കെല്‍പ്പില്ലാത്ത വിധം സിപിഎം തകര്‍ന്നടിഞ്ഞു. ഇടതുപാര്‍ട്ടി എന്നു പറഞ്ഞ് വീമ്പിളക്കുന്ന സിപിഐക്ക് ഇടതുമുന്നണിയില്‍ യാതൊരു വിലയും ഇല്ലാതായി.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഏജന്റായി മാറിക്കഴിഞ്ഞു. പിണറായി മന്ത്രിസഭയിലെ ഒരംഗത്തെ പോലെയാണ് വി.ഡി. സതീശന് പെരുമാറുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.