റോഡിന്റെ പേര് മാറ്റാനുള്ള നീക്കം ചെറുക്കും: സജി മഞ്ഞക്കടമ്പില്‍
1458792
Friday, October 4, 2024 4:13 AM IST
കൊച്ചി: പള്ളുരുത്തി സെന്റ് അഗസ്റ്റിന്‍സ് കോണ്‍വന്റ് റോഡിന്റെ പേര് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
പ്രദേശവാസികളുടെ താല്പര്യപ്രകാരമാണ് റോഡിന്റെ പേര് സെന്റ് അഗസ്റ്റിന്‍സ് കോണ്‍വന്റ് റോഡ് എന്നാക്കിയത്. ഇതിനെതിരെ ചിലര്‍ അന്നു മുതല്‍ക്കെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇവര്‍ ബലപ്രയോഗത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല.
ചില സംഘടനകളുടെ പിന്‍ബലത്തോടെ ഇവര്‍ റോഡിന്റെ പേര് രേഖപ്പെടുത്തിയ ബോര്‍ഡ് അനധികൃതമായി എടുത്തു മാറ്റാന്‍ ശ്രമിക്കുകയും കോണ്‍വെന്റിലെ മദര്‍ സൂപ്പീരിയറിനെ അടക്കമുള്ള കന്യാസ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്തു. അക്രമികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പേലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആക്രമണത്തിനിരയായ കന്യാസ്ത്രീകളെ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് ജോജോ പനക്കന്‍, സംസ്ഥാന കമ്മറ്റിയംഗം ജോഷി കൈതവളപ്പില്‍, ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറി ബിജു മാധവന്, ജോര്‍ജ് ഗ്രേറ്റന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.