ആയവനയിലെ അനധികൃത പ്ലൈവുഡ് ഫാക്ടറിക്കെതിരെ പ്രക്ഷോഭം
1458567
Thursday, October 3, 2024 3:20 AM IST
മൂവാറ്റുപുഴ: ആയവന ഒലിവ് പ്ലൈ ആന്‍ഡ് ബോർഡ്സ് പ്ലൈവുഡ് ഫാക്ടറിക്കെതിരെ ബിജെപി നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. ബിജെപി പരിസ്ഥിതി സെൽ സംസ്ഥാന കണ്‍വീനർ സി.എം. ജോയിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ സംഘം സമര പന്തലിലെത്തി.
ആയവന പഞ്ചായത്തിൽനിന്നു വീടു പണിക്കായി അനുമതി വാങ്ങുകയും പാറപൊട്ടിക്കുകയും കുന്നിടിക്കുകയും (വാണിയത്ത്തണ്ട് മല), നീർത്തടം (ചങ്ങംചിറ തണ്ണീർതടം) നികത്തുകയും ചെയ്ത ഉടമസ്ഥർ വീട് പെർമിറ്റ് കാൻസൽ ചെയുകയും പ്ലാനിനു പോലും അംഗീകാരമില്ലാതെ ആയവന പഞ്ചായത്തിൽ 25,000 ചതുരശ്രയടി കെട്ടിടം പ്ലൈവുഡ് ഫാക്ടറിക്കായി നിർമിക്കുകയാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
മലയിടിക്കുന്നതുകൊണ്ട് വാണിയത്ത്തണ്ട് മലയുടെ മുകളിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീഷണിയിലാണ്. ചങ്ങംചിറ തണ്ണീർതടം നികത്തിയത് കാളിയാർ പുഴയിലെ ജലമൊഴുക്ക് കുറയുവാൻ ഇടവരുത്തിയതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
പ്രശ്നത്തിൽ ആയവന പഞ്ചായത്ത് അധികൃതർ എത്രയും വേഗം ഇടപ്പെട്ടു സ്റ്റോപ്പ് മെമ്മോ നൽകണമെന്നു ബിജെപി സമര സമിതി ആവശ്യപ്പെട്ടു.
നിർമാണം ഇനിയും പുരോഗമിപ്പിക്കുവാനും മെഷനറികൾ കൊണ്ടുവന്നു സ്ഥാപിക്കാനോ ഉടമസ്ഥർ ശ്രമിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബിജെപി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.