കന്നി 20 പെരുന്നാൾ : ജനസാഗരമായി ചെറിയ പള്ളിയും കോതമംഗലവും
1458566
Thursday, October 3, 2024 3:20 AM IST
കോതമംഗലം : കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് കാൽനട തീർഥാടകരുൾപ്പെടെ നാന ദേശങ്ങളിൽ നിന്നും എത്തിയ വിശ്വാസികളെക്കൊണ്ട് ചെറിയപള്ളിയും കോതമംഗലവും ജനസാഗരമായി.
ഇന്നലെ പുലർച്ചെ മുതൽ ചെറിയ പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചിരുന്നു. വൈകുന്നേരം കാൽനട തീർഥാടകർ എത്തിയതോടെ ഒന്നുകൂടി തിരക്കേറി. പള്ളിക്കു സമീപം നാല് കേന്ദ്രങ്ങളിൽ കാൽനട തീർഥാടകർക്ക് സ്വീകരണം നൽകി.
അലങ്കരിച്ച രഥങ്ങളും ബാവായുടെ സവിശേഷതകൾ വിവരിക്കുന്ന ഭക്തി ഗാനങ്ങളും അലങ്കരിച്ച വാഹനങ്ങളിൽ നിന്നും ഒഴുകിയെത്തി. കാൽനട തീർഥാടകർക്ക് വിവിധ കേന്ദ്രങ്ങളിൽ നാനാജാതി മതസ്ഥർ ശീതള പാനീയങ്ങളും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്തു.
വൈകുന്നേരം കോതമംഗലത്ത് എത്തിയ ഹൈറേഞ്ച് മേഖലാ കാൽനട തീർഥാടക സംഘത്തിന് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖല കാൽനട സംഘത്തിന് മൂവാറ്റുപുഴ കവലയിലും വടക്കൻ മേഖല കാൽനട സംഘത്തിന് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലാ കാൽനട സംഘത്തിന് ചക്കാലക്കുടി ചാപ്പലിലും ജനപ്രതിനിധികളുടെയും സാംസ്കാരിക നായകരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
തുടർന്ന് തീർഥയാത്രാ സംഘങ്ങൾ പള്ളിയിലേക്ക് അണമുറിയാതെ ഒഴുകിയെത്തി. കാൽനട തീർഥാടക സംഘങ്ങൾക്ക് നൽകിയ സ്വീകരണത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോണ്, മാത്യു കുഴൽനാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നഗരസഭാധ്യക്ഷൻ കെ.കെ ടോമി, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ എന്നിവർ പങ്കെടുത്തു.
സന്ധ്യാ നമസ്കാരത്തിലും തുടർന്ന് രാത്രി നഗരം ചുറ്റി നടത്തിയ പ്രദക്ഷിണത്തിലും ആയിരങ്ങൾ അണിചേർന്നു. ഇന്ന് പുലർച്ചെ അഞ്ചിന് കുർബാന: ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത, 6.45ന് കുർബാന : ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, 8.30ന് കുർബാന :ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 10.30ന് നേർച്ച സദ്യ, രണ്ടിന് പ്രദക്ഷിണം.
നാളെ രാവിലെ ഏഴിന് മൂന്നിൻമേൽ കുർബാനയ്ക്ക് ശ്രേഷ്ഠ ബാവയും മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയും മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് കൊടിയിറങ്ങും. ദീപാലങ്കാരം 13 വരെ തുടരും.