മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ; ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി
1458564
Thursday, October 3, 2024 3:20 AM IST
ഏലൂർ: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ഒക്ടോബർ രണ്ടു മുതൽ 2025 മാർച്ച് 30 വരെ നീണ്ടുനില്ക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഏലൂർ മുനിസിപ്പാലിറ്റിയിൽ നടന്നു.
നഗരസഭാ ഓഫീസ് മുതൽ പാതാളം ജംഗ്ഷൻ വരെ നടപ്പിലാക്കിയ ഹരിതവീഥി ഉദ്ഘാടനം കയർ, വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യാതിഥിയായി.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ജില്ലാ കർമപദ്ധതി പ്രകാശനം നടത്തി. എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ സമ്പൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടപ്പിലാക്കുന്നത്.
ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാന തലം മുതൽ ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനതലം, വാർഡ് തലം വരെയുളള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ 82 പഞ്ചായത്തുകളിലും 14 ബ്ലോക്കുകൾ 13 മുനിസിപ്പാലിറ്റികൾ കൊച്ചിൻ കോർപ്പറേഷൻ എന്നിവിടങ്ങളിലും ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപെട്ടു ആരംഭിക്കുന്നതോ പൂർത്തീകരിച്ചതോ ആയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.