ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
1458551
Thursday, October 3, 2024 3:01 AM IST
കൊച്ചി: ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്നാട് ചെന്നൈ സ്വദേശി എംജിആര്‍ നഗര്‍ ജീവാനന്ദം സ്ട്രീറ്റില്‍ നവീനെയാണ് തോപ്പുംപടി പോലീസ് അറസ്റ്റു ചെയ്തത്. യുഎസ്ഡിടിപിടിപി എന്ന ടെലഗ്രാം ഗ്രൂപ്പില്‍ ക്രിപ്റ്റോ കറന്‍സി വില്‍ക്കാനുണ്ട് എന്ന് കാണിച്ചുകൊണ്ട് പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
ടെലിഗ്രാം വഴി പരിചയപ്പെട്ട പരാതിക്കാരനെ മൊബൈല്‍ ഫോണിലൂടെയും വാട്സാപ്പിലുടെയും ബന്ധപ്പെട്ട് ആഴ്ചകളോളം സംസാരിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷം ക്രിപ്റ്റോ കറന്‍സികള്‍ ലഭിക്കുന്നതിനായി അക്കൗണ്ട് നമ്പറുകള്‍ നൽകി. കൂടുതല്‍ വിശ്വാസം ലഭിക്കുന്നതിനായി ചെന്നൈയില്‍ നിന്നും നവീന്‍ എന്നയാളെ കൊച്ചിയിലേക്ക് അയച്ചു.
ഇയാള്‍ ചൊവ്വാഴ്ച കൊച്ചിയിലെത്തി പരാതിക്കാരനുമായി സംസാരിക്കുകയും അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ധൈര്യമായി പണം നിക്ഷേപിച്ചുകൊള്ളാന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് ആറരലക്ഷം രൂപ ഓണ്‍ലൈനായി കൈമാറുകയായിരുന്നു. ഒരു മണിക്കൂറിനകം ക്രിപ്റ്റോ കറന്‍സി ലഭിക്കുമെന്ന് പറഞ്ഞാണ് പണം അയപ്പിച്ചത്.
എന്നാല്‍ സമയം കഴിഞ്ഞും ക്രിപ്റ്റോ കറന്‍സി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന് ബന്ധപ്പെട്ടപ്പോള്‍ പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ പ്രതികള്‍ നവീനെ പിടിച്ചുവച്ച് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.