പുതിയ അക്കാദമിക് ബ്ലോക്ക് നിർമാണത്തിന് 1.30 കോടി
1458235
Wednesday, October 2, 2024 4:16 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂർ ഗവ. യുപി സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്കുകളുടെ നിർമാണത്തിന് 1.30 കോടി അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് 80 ലക്ഷവും എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷവുമാണ് പദ്ധതിക്കുവേണ്ടി അനുവദിച്ചത്.
എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ നിലവിൽ പൂർത്തീകരിച്ചു. മൂന്ന് ക്ലാസ് മുറികൾ പുതിയ കെട്ടിടത്തിലുണ്ടാകും. 1800 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമിക്കുന്നത്. ഭിന്നശേഷി സൗഹാർദപരമായാണ് കെട്ടിടത്തിന്റെ നിർമാണം. ആറ് മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കും.
കാലപ്പഴക്കം മൂലം ക്ലാസ് മുറികൾ കലഹരണപ്പെട്ടതിനെ തുടർന്നാണ് സ്കൂളിന് എംഎൽഎ ഫണ്ട് അനുവദിച്ചത്. പായിപ്ര പഞ്ചായത്തിലെ ആറാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. യുപി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ് മുളവൂർ യുപി സ്കൂൾ. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗമാണ് എംഎൽഎ ഫണ്ടിൽ നിന്നുള്ള പദ്ധതിയുടെ നിർമാണ മേൽനോട്ടം നിർവഹിക്കുന്നത്.