പിറവത്ത് വയോജനങ്ങളുടെ ഫ്ലാഷ്മോബ്
1458231
Wednesday, October 2, 2024 4:16 AM IST
പിറവം: ലോക വയോജന വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി പിറവം സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന വയോജനങ്ങളുടെ ഫ്ലാഷ്മോബ് ശ്രദ്ധേയമായി. വയോജനങ്ങളായ വനിതകളും, പുരുഷന്മാരുമെല്ലാം ഗാനങ്ങൾക്ക് നൃത്തച്ചുവടുകൾ വെച്ചത് ഏറെ ആകർഷകമായി. ഇവർക്കൊപ്പം സ്കൂൾ കുട്ടികളും ചേർന്നതോടെ പരിപാടി വലിയൊരു അരങ്ങായി മാറി. ബസ് സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലരും ഇതിൽ പങ്കുചേർന്നു.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ഒരാഴ്ച ലോകമെമ്പാടും വയോജന വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രവും നഗരസഭയും സംയുക്തമായി കേരളം വളർത്തിയവർക്ക് ആദരം എന്ന പേരിലാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ ജൂലി സാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു.