പലിശയില്ലാതെ കെട്ടിട നികുതി അടയ്ക്കാന്‍ അവസരം
1458219
Wednesday, October 2, 2024 4:07 AM IST
കൊച്ചി: നികുതി കുടിശികയുള്ളവര്‍ക്ക് പലിശയില്ലാതെ കെട്ടിട നികുതി അടയ്ക്കാന്‍ ഇനിയും അവസരമുണ്ടെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍. 2016 മുതലുള്ള നികുതി കുടിശിക അടയ്ക്കണമെന്ന് കാട്ടി നിലവില്‍ നോട്ടീസ് ലഭിച്ചവര്‍ക്കാണ് അവസരം. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിവതും വേഗത്തില്‍ അവസരം വിനിയോഗിക്കണമെന്നും മേയര്‍ പറഞ്ഞു.
രണ്ടു തവണയായി നടത്തിയ അദാലത്തില്‍ കെട്ടിട നികുതി സംബന്ധിച്ച് 2676 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 2517 പരാതികള്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന 159 പരാതികള്‍ ഡേറ്റാ പ്രോസസിംഗിലാണ്. കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിനായി സോണല്‍ ഓഫീസുകളില്‍ സൗകര്യം ഏര്‍പ്പെടുത്തി.
ഇവിടേയും പരിഹാരം കാണാനായില്ലെങ്കില്‍ സെക്രട്ടറിയേയോ മേയറേയോ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് ഈ മാസം 31 വരെ സമയം നീട്ടിയതായും മേയര്‍ അറിയിച്ചു.
അര്‍ധവാര്‍ഷിക പാദത്തിനു ശേഷം അപേക്ഷ നല്കുന്നവരില് നിന്ന് ഒരു വര്‍ഷത്തെ ഫീസ് വാങ്ങുന്നതായി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും ആശയക്കുഴപ്പം പരിഹരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയുള്ള സർക്കാർ ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും മേയര്‍ പറഞ്ഞു.