പായിപ്ര, മാനാറി പ്രദേശങ്ങളിൽ പ്ലൈവുഡ് കന്പനികൾക്കെതിരെ ജനരോഷം
1454601
Friday, September 20, 2024 3:49 AM IST
മൂവാറ്റുപുഴ: പായിപ്ര, മാനാറി പ്രദേശങ്ങളിലെ പ്ലൈവുഡ് കന്പനികൾക്കെതിരെ ജനരോഷം ശക്തമായി. സർവകക്ഷി യോഗം ചേർന്ന് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു. ശക്തമായ പ്രക്ഷോഭ സമരപരിപാടികൾക്ക് നേതൃത്വം നൽകുവാൻ സർവക്ഷിയോഗം തീരുമാനിച്ചു.
പായിപ്ര, മാനാറി പ്രദേശത്ത് എണ്ണിയാലൊടുങ്ങാത്ത വിധത്തിൽ പ്ലൈവുഡ് കന്പനികളാണ് പ്രവർത്തിക്കുന്നത്. കുടിവെള്ളം, വായു, മണ്ണ് ഇവയെല്ലാം മലീമസമായിക്കഴിഞ്ഞു. തോടും ചിറകളും ജലസ്രോതസുകളുമെല്ലാം വിഷമയമായി. ഇവിടത്തെ ജനങ്ങളുടെ ഭാവിജീവിതം ഭയാനകമായി മാറി.
അടുത്ത തലമുറക്ക് ഇവിടെ ജീവിക്കുവാൻ പറ്റാത്ത സ്ഥിതിയായിമാറി. ജില്ലയിലെ ഏറ്റവും വിസ്തൃതവും കൂടുതൽ ജനസംഖ്യയുമുളള പായിപ്ര പഞ്ചായത്തിൽ ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്ന പ്ലൈവുഡ് കന്പനികൾക്കെതിരെ പ്രതിഷേധമല്ലാതെ നാട്ടുകാർക്ക് മറ്റുവഴിയില്ല.
നിരവധി ജനകീയ സമരം നടന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുക്കാതെ പഞ്ചായത്തിൽ നിരവധി പ്ലൈവുഡ് കന്പനികൾക്കാണ് അധികൃതർ അനുമതി നൽകിയത്.
എന്നാൽ ഇനിയൊരു പ്ലൈവുഡ് കന്പനിയും പഞ്ചായത്തിൽ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലേക്ക് നാട്ടുകാർ എത്തിച്ചേർന്നിരിക്കുകയാണ്. ഇതേതുടർന്നാണ് സർവകക്ഷിയോഗം ചേർന്നതും തുടർ സമരങ്ങൾക്ക് തീരുമാനങ്ങൾ എടുത്തതും.
ജില്ല കളക്ടർ, മുഖ്യമന്ത്രി, വ്യവസായ മന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി, പായിപ്ര പഞ്ചായത്ത് അടക്കമുളളവർക്ക് ആദ്യഘട്ടത്തിൽ പരാതി നൽകും. തുടർന്ന് ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസിലാക്കുവാൻ ആവശ്യപ്പെടും. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കന്പനികളുണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ആവശ്യപ്പെടും. അധികഭാരം കയറ്റിവരുന്ന ടോറസ് അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണമെന്നും ആവശ്യപ്പെടും.
നിലവിലെ കന്പനികളും പുതിയ കെട്ടിട നിർമാണ അനുമതി വാങ്ങിയ കന്പനികളും ഭൂരിഭാഗമുള്ളത് ഒന്ന്, രണ്ട്, 13, 17 വാർഡുകളിലാണ്. ഏറ്റവും ദുരിതം അനുഭവിക്കുന്ന ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നത് നൂറോളം കന്പനികൾ ഒരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്.
മലഞ്ചെരുവുകൾ ഇടിച്ചുനിരത്തി നടത്തുന്ന നിർമാണ പ്രവർത്തനം മൂലം ഭൂപ്രദേശത്തിന്റെ സ്വാഭാവിക, പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ജൈവ ജീവിതത്തേയും ആവാസവ്യവസ്ഥയേയും തകർത്തുകഴിഞ്ഞു.
തുടർന്നാണ് ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതെന്ന് ആക്ഷൻ കൗണ്‍സിൽ കണ്‍വീനറും ബ്ലോക്ക് പഞ്ചായത്തംഗവുമായ എം.എ. റിയാസ്ഖാൻ പറഞ്ഞു. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയശേഷം ജനകീയ കണ്വൻഷൻ ചേരും.
തുടർന്ന് പഞ്ചായത്തിലേക്ക് മാർച്ചും നടത്തും. പ്രശ്നം ശാശ്വതമായി പരിഹരിക്കും വരെ പഞ്ചായത്തിന് മുന്നിൽ നിരാഹര സത്യഗ്രഹം ആരംഭിക്കുമെന്നും റിയാസ്ഖാൻ പറഞ്ഞു.