സൗജന്യ മെഡിക്കല്‍- തിമിര ശസ്ത്രക്രിയാ ക്യാമ്പ് ഇന്ന്
1454600
Friday, September 20, 2024 3:49 AM IST
അങ്കമാലി: മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് എയര്‍പോര്‍ട്ട്, ശ്രീ ഭവാനി ഫൗണ്ടേഷന് കാലടി, നെടുമ്പാശേരി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ -തിമിര ശസ്ത്രക്രിയ ക്യാമ്പ് ഇന്നു നടക്കും.
രാവിലെ ഒന്‍പതു മുതല്‍ അത്താണി മാര്‍ അത്തനേഷ്യസ് ഹൈസ്കൂളിലാണ് ക്യാമ്പ്. നേത്ര-ദന്ത-ജനറല്‍ മെഡിസിന് വിഭാഗങ്ങളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ 45,000 രൂപ വരെ വരുന്ന തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കും.
ദന്ത ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരും. രോഗിയുടെ ചികിത്സ, ഭക്ഷണം എല്ലാം സൗജന്യമായി ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ രക്തസമ്മര്‍ദം, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിക്കാനും സൗകര്യമുണ്ട്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, ഇടപ്പള്ളി അമൃത, അപ്പോളോ അഡ്ലക്സ് എന്നീ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍- 9497490131, 9961303567.