ശ്മശാനം തുറക്കണമെന്നാവശ്യപ്പെട്ട് ശവമഞ്ചവുമായി സമരം
1454599
Friday, September 20, 2024 3:49 AM IST
ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്തിലെ അടച്ചിട്ട ശ്മശാനം തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉദയംപേരൂർ നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ശവമഞ്ചവുമായി ധർണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി നേതാവ് എം.പി. ഷൈമോൻ, ജൂബൻ ജോൺ, സാജു പൊങ്ങലായി, ഇ.എസ്. ജയകുമാർ, കെ.വി. രത്നാകരൻ, ശാലിനി ജയകുമാർ, ബിനു ജോഷി, സ്മിത രാജേഷ്, നിഷ ബാബു, നിമിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
എന്നാൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ശ്മശാനം അടച്ചെന്നുള്ള കെട്ടുകഥയുമായി യുഡിഎഫുകാർ നടത്തിയ ധർണ രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി. ശ്മശാനം നടത്തിപ്പുകാരൻ ഒഴിഞ്ഞപ്പോൾ, യുഡിഎഫ് അംഗങ്ങൾ കൂടി പങ്കെടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിച്ച് നിലവിലുള്ള ലിസ്റ്റിലെ രണ്ടാമത്തെ ആളെ ശ്മശാനത്തിന്റെ ചുമതലക്കാരനായി നിശ്ചയിച്ചു.
ഇന്നലെ രാവിലെയും ഒരു മൃതസംസ്കാരത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ നിലവിൽ തുറന്നു പ്രവർത്തിക്കുന്ന ശ്മശാനം അടച്ചെന്ന കള്ളപ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്ന് പ്രസിഡന്റ് പറഞ്ഞു.