വിദ്യാർഥിനിയുടെ പരാതി : ഐസിസി അന്വേഷണ റിപ്പോർട്ട് കുസാറ്റ് സിൻഡിക്കേറ്റിൽ വച്ചു
1454581
Friday, September 20, 2024 3:23 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ. ബേബിയുടെ പേരിൽ വിദ്യാർഥിനി ഉന്നയിച്ച പരാതിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സിൻഡിക്കറ്റിൽ വച്ചു.
കുസാറ്റ് സർഗം കലോത്സവത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് ഡോ. ആശ ഗോപാലകൃഷ്ണൻ അധ്യക്ഷയായുള്ള സമിതി റിപ്പോർട്ട് സമർപ്പിച്ചത്. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ സ്റ്റേജ് പരിപാടികൾക്കുശേഷം മാർച്ച് ഒന്നിന് രാത്രി 9.15 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
ഐസിസി നിയമപ്രകാരം വിദ്യാർഥിനിക്കും ആരോപണ വിധേയനായ യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിക്കും റിപ്പോർട്ടിന്റെ കോപ്പി നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. റിപ്പോർട്ട് സംബന്ധിച്ച് ഇരുകൂട്ടർക്കും അപ്പീൽ സമർപ്പിക്കാൻ അവസരം നൽകുന്നതിനാണിത്.
ഇരു വിഭാഗവും കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ സത്യാവസ്ഥ അറിയാൻ കേസ് പോലീസിന് കൈമാറണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.
തനിക്കെതിരെ ഉയർന്ന ആരോപണത്തിന്റെ സത്യാവസ്ഥ തെളിയുന്നതുവരെ സിൻഡിക്കറ്റ് ഉൾപ്പെടെയുള്ള സമിതി യോഗങ്ങളിൽ നിന്ന് അവധി അനുവദിക്കണമെന്ന് യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ. ബേബി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. ഈ ആവശ്യം സിൻഡിക്കേറ്റ് അംഗീകരിച്ചു. സിൻഡിക്കേറ്റ് യോഗത്തിൽ വൈ ചാൻസലർ പ്രഫ. പി.ജി. ശങ്കരൻ അധ്യക്ഷനായി.