നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങി
1454318
Thursday, September 19, 2024 3:52 AM IST
ഇലഞ്ഞി: നിർധന കുടുംബങ്ങൾക്ക് വീടുകൾ ഒരുങ്ങി. പഞ്ചായത്ത് പത്താം വാർഡിൽ ലയണ്‍സ് പാർപ്പിട പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫിനാൻസും ഇടതോട്ടിയിൽ ചാരിറ്റബിൾ ട്രസ്റ്റും സുമനസുകളും കൈകോർത്താണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.
ലയണ്‍സ് പാർപ്പിട പദ്ധതിയിൽപ്പെടുത്തി രണ്ടു വീടുകളും ലൈഫ് പദ്ധതിയിൽപ്പെടുത്തി ഒരു വീടുമാണ് നിർമിച്ചത്. ലയണ്‍സ് ക്ലബ് ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ കെ.ബി. ഷൈൻ ലയണ്‍സ് ഭവന പദ്ധതിയിൽപ്പെടുത്തി പണിത വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. ഇലഞ്ഞി ലയണ്‍സ് ക്ലബ് പ്രസിഡന്റ് പീറ്റർ പോൾ അധ്യക്ഷതവഹിച്ചു.
ഇതോടൊപ്പം പ്രദേശത്തെ 20 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സന്തോഷ് - മാജി ദന്പതികളുടെ സ്വന്തം സ്ഥലത്ത് സൗജന്യമായി നിർമിച്ചു നൽകുന്ന കിണറിന്റെ നിർമാണോദ്ഘാടനവും നടന്നു.
ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫോറോന പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറന്പിൽ കിണറിന്റെ കുറ്റിയടിക്കൽ ചടങ്ങ് നിർവഹിച്ചു.
പദ്ധതിയുടെ പൂർത്തീകരണത്തിന് നേതൃത്വം നൽകിയ സന്തോഷ് സണ്ണി, മാജി സന്തോഷ്, ജി. മുരളീധരൻ, സാജു പീറ്റർ എന്നിവരെ ആദരിച്ചു.