നെട്ടൂരിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി
1454305
Thursday, September 19, 2024 3:35 AM IST
മരട്: നെട്ടൂർ കുടുംബാംഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കി. കേന്ദ്രത്തിൽ വച്ചു നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറന്പിൽ നിർവഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ബെൻഷാദ് നടുവില വീട്, ചന്ദ്രകലാധരൻ, തോമസ് ലെജു, മെഡിക്കൽ ഓഫീസർ ശ്രീകുമാരി എന്നിവർ പങ്കെടുത്തു.
ഇനി മുതൽ ഡോക്ടർ കൺസൾട്ടേഷന് ഓൺലൈൻ ബുക്കിംഗ് നടപ്പാവും. മറ്റു സർക്കാർ ആശുപത്രികളിലും പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടെ എല്ലാ സർക്കാർ ആശുപത്രികളെയും ഒറ്റ ശൃംഖലയുടെ ഭാഗമാക്കി മാറ്റാൻ കഴിയും. ഇതോടെ ചികിത്സയ്ക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ രോഗികൾക്ക് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകൾ കൊണ്ടുനടക്കേണ്ടിവരില്ല. പരിശോധനകൾ ആവർത്തിച്ച് ചെയ്യേണ്ടിയും വരില്ല. ഇതോടെ ഒപി ടിക്കറ്റിനായി ഹോസ്പിറ്റലുകളിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നതും നേട്ടമാണ്.
ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയതിയിൽ ആസ്പതികളിലേക്കുള്ള അപ്പോയിൻമെന്റ് എടുക്കാൻ സാധിക്കും. ഇ-ഹെൽത്ത് ഉള്ള എല്ലാ ആസ്പത്രികളിലും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. രോഗികൾക്ക് അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാം.