കോതമംഗലം മാർത്തോമ ചെറിയ പള്ളി മതസൗഹാർദത്തിന്റെ പുണ്യഭൂമി: എ. രാജ
1454038
Wednesday, September 18, 2024 3:59 AM IST
കോതമംഗലം: പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം ചെറിയ പള്ളി മതസൗഹാർദത്തിന്റെ പുണ്യഭൂമിയാണെന്ന് എ. രാജ എംഎൽഎ. കോതമംഗലം തീർഥാടനത്തിനു മുന്നോടിയായുള്ള ദീപശിഖാ പ്രയാണം പള്ളിവാസൽ അള്ളാ കോവിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
339 വർഷങ്ങൾക്കു മുന്‍പ് പരിശുദ്ധ ബാവ വിശുദ്ധ ബലിയർപ്പിച്ചതിന്റെ പുണ്യം ഇപ്പോഴും ഹൈറേഞ്ച് പ്രദേശത്തുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. എംപിയും എംഎൽഎയും ചേർന്ന് ദീപശിഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.
കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരി ഫാ. ബിജോ കാവാട്ട്, പള്ളി ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻ മാലിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഹൈറേഞ്ച് മേഖലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോതമംഗലം പള്ളിയിൽ എത്തിച്ചേർന്ന ദീപശിഖാ പ്രയാണ യാത്രയെ ആന്റണി ജോണ്‍ എംഎൽഎ സ്വീകരിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്, വൈദികർ, ട്രസ്റ്റിമാർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.