നിർധന യുവതിയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു
1454037
Wednesday, September 18, 2024 3:59 AM IST
മൂവാറ്റുപുഴ: നിർധന യുവതിയുടെ ചികിത്സയ്ക്കായി നാട് ഒന്നിച്ചപ്പോൾ കൈത്താങ്ങായി സ്വകാര്യ ബസും. വാഴക്കുളം നടുക്കര പള്ളിപ്പറന്പിൽ ബാബുവിന്റെ ഭാര്യ ഡോളിക്കായാണ് വാഴക്കുളം കല്ലൂർക്കാട് വഴി തൊടുപുഴ നടുക്കര റൂട്ടിൽ സർവീസ് നടത്തുന്ന സിറ്റി ലൈറ്റ് ബസ് ഒരു ദിവസത്തെ സർവീസ് മാറ്റിവച്ചത്.
ഒന്നര വർഷം മുന്പാണ് ഡോളിയുടെ ഹൃദയ ധമനികളിൽ ബ്ലോക്കുകൾ രൂപപ്പെട്ടത്. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കുശേഷം ബൈപ്പാസ് സർജറിക്ക് വിധേയമായെങ്കിലും ഇപ്പോൾ വീണ്ടും ബ്ലോക്കുകൾ രൂപപ്പെടുകയായിരുന്നു. ജപ്തി ഭീഷണിയിലായ ഇവരുടെ ജീവിതത്തെ വീണ്ടും ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ പഠനവും മുടങ്ങി.
തുടർന്നാണ് കടക്കെണിയിലായ ഇവരെ സഹായിക്കാൻ കാരുണ്യ പ്രവാഹവുമായി നാട് ഒന്നിക്കുന്നത്. ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തന്റെ ബസ് വിട്ടു നൽകുന്നതെന്ന് ഉടമ ഷൈൻ ജോണ് കല്ലിങ്കൽ പറഞ്ഞു.
കാരുണ്യം തേടിയുള്ള ബസിന്റെ യാത്ര നടുക്കരയിൽ ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു എം. ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. ബസിലെ കളക്ഷനു പുറമേ സ്റ്റാൻഡിൽ എത്തുന്ന ജനങ്ങളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും സംഭാവനകളും ഇവർ സ്വീകരിച്ചു.