സൈബര്‍ കേസുകളില്‍ പുതിയ അന്വേഷണ രീതി വേണം: കമ്മീഷണര്‍
1454009
Wednesday, September 18, 2024 3:17 AM IST
കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ കേസുകളില്‍ അന്വേഷണത്തിന് പുതിയരീതി വേണ്ടിവരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. വിവിധ സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ നിലവില്‍ പ്രതിസന്ധി നേരിടുകയാണ്.
ഈ സാഹചര്യത്തില്‍ സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ അന്വേഷണരീതി അനിവാര്യമാണ്. ഇതിന് ഇന്ത്യന്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ (ഐ4സി) സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമുള്ള സംവിധാനങ്ങള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ അറിവില്ലായ്മ മുതലെടുത്താണ് തട്ടിപ്പുകളില്‍ ഭൂരിഭാഗവും നടക്കുന്നത്. അനധികൃത ആപ്പുകളടക്കം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം. തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്ന വിധം സ്വകാര്യ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പ്രവണ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സിറ്റിയിലടക്കം സൈബര്‍ കേസുകള്‍ പെരുകിയതോടെ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിനായി റെസിഡന്റ്സ് അസോസിയേഷന് ഉള്‍പ്പെടെയുള്ളവയുമായി പോലീസ് സഹകരിക്കും.
കൊച്ചുകുട്ടികളടക്കമുള്ളവരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ റീല്‍സ്, ബോധവത്കരണ സന്ദേശമടങ്ങുന്ന ദൃശ്യങ്ങള്‍ എന്നിവ പുറത്തിറക്കും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും പോലീസ് ബോധവത്കരണം നടത്തുമെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ലഹരി ഇടപാടുകള്‍ക്ക് പൂട്ടിടും
കൊച്ചിയിലെ ലഹരി ഇടപാടുകളെ നിയന്ത്രിക്കാന്‍ നിലവില്‍ പോലീസ് തുടരുന്ന പദ്ധതികള്‍ ഊര്‍ജിതമാക്കും. എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ പരിസരത്ത് ലഹരി വില്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഒന്നിലേറെ തവണ ലഹരി കേസുകളില്‍ പ്രതികളാകുന്നവരെ നിരീക്ഷിച്ച് കുറ്റകൃത്യം തടയുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളെ നിയന്ത്രിക്കും. ഇതിന്റെ ഭാഗമായി ക്രിമിനല്‍ മാപ്പിംഗ് നടക്കുകയാണ്. നഗരത്തിന് പുറത്തുനിന്നെത്തി രാത്രികാലങ്ങളിലടക്കം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ നിരീക്ഷിക്കും.
സമീപകാലത്ത് മാവോയിസ്റ്റ് അറസ്റ്റ് കൊച്ചിയില്‍ നടന്നിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ കൊച്ചിയില്‍ ഇനിയുമുണ്ടാകുമെന്നാണ് കരുതുന്നത്. ആ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും.
രാത്രികാല പട്രോളിംഗ് വീണ്ടും
രാത്രികാല പട്രോളിംഗ് വീണ്ടും ശക്തമാക്കും. തിരക്കേറിയ നഗരത്തിനുള്ളിലെ പ്രധാന ഇടങ്ങളിലടക്കം പോലീസിന്റെ സാന്നിധ്യം നിലവിലില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കും. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും ശ്രമങ്ങള്‍ നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.