ഉയരപ്പാത നിര്‍മാണം: അരൂക്കുറ്റി-എറണാകുളം ബോട്ട് സര്‍വീസിന് പാതയിലെ ആഴക്കുറവ് പ്രതിസന്ധി
1453814
Tuesday, September 17, 2024 1:53 AM IST
കൊച്ചി: അരൂര്‍-തുറവൂര്‍ മേഖലയില്‍ ഉയരപ്പാത നിര്‍മാണം മൂലം ദുരിതമനുഭവിക്കുന്ന റോഡ് യാത്രക്കാര്‍ക്കായി ബദല്‍ മാര്‍ഗം ഒരുക്കുന്ന കാര്യം സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പരിഗണനയിൽ.
ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയില്‍ നിന്ന് എറണാകുളം ബോട്ട് ജെട്ടിയിലേക്ക് സര്‍വീസ് നടത്താനാണ് ജലഗതാഗത വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ പാതയില്‍ ഏതാനും സ്ഥലങ്ങളില്‍ ആഴമില്ലാത്തത് പ്രതിസന്ധിയാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടർന്ന് അരൂരിലും സമീപ പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബോട്ട് സര്‍വീസ് ഒരുക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച നിവേദനങ്ങളടക്കം ഗതാഗത മന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍ നടപടി ഉണ്ടായില്ല. ബോട്ട് സര്‍വീസ് പരിഗണനയിലെത്തിയതോടെ അരൂക്കുറ്റി-എറണാകുളം ബോട്ട്ജെട്ടി പാതയില്‍ ജലഗതാഗത വകുപ്പ് ട്രയല്‍ റണ്‍ നടത്തി. ഏതാനും ചില സ്ഥലങ്ങളില്‍ ആഴം തീരെ കുറവാണ്.
ഈ പാത സഞ്ചാരയോഗ്യമാക്കുന്നതു സംബന്ധിച്ച് ജലഗാഗത വകുപ്പ് ജലസേചന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിട്ടുണ്ട്. തടസങ്ങള്‍ നീക്കി പാതയില്‍ വൈകാതെ ബോട്ട് സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് ജലഗതാഗത വകുപ്പിന്റെ പ്രതീക്ഷ. അരൂക്കുറ്റിയില്‍ ബോട്ട് ജെട്ടിയുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായെങ്കിലും ജലഗതാഗത വകുപ്പ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നില്ല.
ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ നിര്‍മാണം നടക്കുന്ന ഈ മേഖലയിലെ റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ കുറവ് വരുമെന്നാണ് കരുതുന്നത്.