കരുമാലൂരിലെ പ്രസിഡന്റ് പദവി: പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും
1453803
Tuesday, September 17, 2024 1:53 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തർക്കം മാധ്യമങ്ങളിൽ നിറഞ്ഞതോടെ പാർട്ടി പ്രവർത്തകർക്കിടയിൽ വാക്കേറ്റവും കൈയാങ്കളിയും. കഴിഞ്ഞ ദിവസം പെൻഷനേഴ്സ് അസോസിയേഷൻ നേതാവും മുതിർന്ന സിപിഎം പ്രവർത്തകനുമായ ഒരാളെ മർദിക്കാൻ ശ്രമിച്ചതായി ആലങ്ങാട് പൊലീസിൽ പരാതി നൽകി. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുവാണ് മർദിക്കാൻ ശ്രമിച്ചതെന്നു പറയപ്പെടുന്നു.
അധികാര തർക്കവുമായി ബന്ധപ്പെട്ട വാർത്തകളും പാർട്ടിയിൽ ലഭിച്ച പരാതികളെ പറ്റിയും ചർച്ച ചെയ്യുന്നതിനിടെയാണു തർക്കമുണ്ടായത്. തുടർന്ന് കൈയാങ്കളി വരെ കാര്യങ്ങൾ എത്തിയതായി പരാതിയിൽ പറയുന്നു. ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പുതിയ ആൾക്ക് അധികാരം കൈമാറാതെ വന്നതോടെയാണ് അധികാര തർക്കം രൂക്ഷമായത്. തുടർന്ന് ഈ ധാരണ നടപ്പാക്കണമെന്ന് രണ്ട് മാസം മുന്പ് ചേർന്ന സിപിഎം കളമശേരി ഏരിയ കമ്മിറ്റി യോഗത്തിൽതീരുമാനമെടുത്തിരുന്നു.
ഈ തീരുമാനം കരുമാലൂർ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതോടെ പഞ്ചായത്ത് അംഗവും സിപിഎം പാർട്ടി അംഗവുമായ സബിത നാസർ അതൃപ്തി പാർട്ടി നേതൃത്വത്തെ ഒരാഴ്ച മുൻപ് അറിയിച്ചു. കൂടാതെ നിലവിൽ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നു രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് കത്തും നൽകി. ഇതു സംബന്ധിച്ചു രണ്ടുദിവസം മുൻപ് ഉണ്ടായ തർക്കങ്ങൾക്കും നോട്ടീസ് പതിക്കലിനും പിന്നാലെയാണു കഴിഞ്ഞ ദിവസം കാര്യങ്ങൾ കൈയാങ്കളിയിൽ വരെ എത്തിയത്.
പാർട്ടി സമ്മേളനം ആരംഭിക്കാനിരിക്കെ കരുമാലൂരിലെ അധികാര തർക്കവും കൈയാങ്കളിയും ഇതോടെ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. എന്നാൽ കരുമാലൂർ പഞ്ചായത്തിൽ അധികാര തർക്കം ഇല്ലെന്ന് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു. കൂടാതെ സിപിഎം പഞ്ചായത്തംഗം മനപൂർവം നോട്ടീസ് കൈപ്പറ്റാതെ വന്നതോടെയാണ് വീടിനു മുന്നിൽ ഒട്ടിച്ചതെന്നും അധികാര കൈമാറ്റം നടത്താൻ സമയമായിട്ടില്ലെന്നുമാണ് പ്രസിഡന്റ് പറയുന്നത്.