കാണികള്‍ക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച് ഏകപാത്ര നാടകം
1453448
Sunday, September 15, 2024 4:03 AM IST
മൂവാറ്റുപുഴ: കാണികള്‍ക്ക് വേറിട്ട ദൃശ്യാനുഭവം നല്കി വി.ടി. രതീഷിന്റെ ഏകപാത്ര നാടകം ഒറ്റാള്പേച്ച്. ഏകപാത്ര നാടകത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് പ്രശസ്ത നാടക കലാകാരന് വി.ടി രതീഷ്. തൃക്കളത്തൂര്‍ നവയുഗം ക്ലബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഒറ്റാള് പേച്ച് ഏകപാത്ര നാടകം അവതരിപ്പിച്ചത്.
നടന് കാണിയാവുകയും കാണികള്‍ നടന്മാരാവുകയും ചെയ്യുന്ന നാടക ഇടമാണ് ഒറ്റാള് പേച്ച്. പാരമ്പര്യ നാടക സമ്പ്രദായങ്ങളില്‍നിന്നു വ്യത്യസ്തമായി കാണികളും നടനോടൊപ്പം നാടകത്തിന്റെ ഭാഗമാവുന്നു.
കാണികളുടെ ഒത്ത നടുക്ക് നടത്തുന്ന ഇത്തരം അവതരണങ്ങളെ സാന്ഡ്വിച്ച് തീയറ്റര്‍ എന്നാണ് വിളിക്കുന്നത്. പുതിയ തലമുറക്ക് ലളിതമായ നാടക സങ്കേതങ്ങള്‍ പരിചയപ്പെടുത്തുകയാണ് നാടകത്തിന്റെ ലക്ഷ്യമെന്ന് നാടകത്തിന്റെ ആവിഷ്കാരം നിര്‍വഹിച്ചിരിക്കുന്ന ചലച്ചിത്ര അക്കാദമി അംഗം എന്‍. അരുണ്‍ പറഞ്ഞു. തൃക്കളത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വിജയപ്രകാശ് വി.ടി. രതീഷിനെ ആദരിച്ചു.