ഇന്ന് ഗ്രന്ഥശാലദിനം : വായനയുടെ വാതായനങ്ങൾ തുറന്ന് ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി
1453202
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: വായനയുടെ വാതായനങ്ങൾ തുറന്ന് നൽകുകയാണ് ഗ്രന്ഥശാലദിനത്തിലും ഈസ്റ്റ് വാഴപ്പിള്ളി പീപ്പീൾ ലൈബ്രറിയിലെ അക്ഷര സ്നേഹികളായ ഗ്രന്ഥശാല പ്രവർത്തകർ. പായിപ്ര പഞ്ചായത്തിലെ അവികസിത മേഖലയായ ആട്ടായം പ്രദേശത്ത് അക്ഷരങ്ങളെ സ്നേഹിച്ചവരുടെ കൂട്ടായ്മയിൽ നിന്ന് 1974-ൽ പിറവിയെടുത്ത വായനശാലയാണ് പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ് .
1974ൽ ഗ്രന്ഥശാല സംഘത്തിന്റെ അഭിലിയേഷൻ ലഭിച്ചതോടെ നാട്ടിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ വായനശാല ഏറ്റെടുത്തു. ഇതോടെ ഇത് ജനകീയ വായനശാലയായി മാറി.
അക്ഷരസേനാ പ്രവർത്തകർ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു. വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി എന്നിവ രൂപികരിച്ച് പ്രവർത്തനം തുടങ്ങിയതിനാൽ ഗ്രാമീണരെ മുഴുവൻ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാനുമാകുന്നു. ലൈബ്രറി പ്രവർത്തനപരിധിയിലെ മുഴുവൻ ജനങ്ങളേയും കംപ്യൂട്ടർ സാക്ഷരരാക്കുന്നതോടൊപ്പം കംപ്യൂട്ടർ ഓപ്പറേഷൻ ക്ലാസും നടത്തുന്നു.
തയ്യൽ പരിശീലനവും പൂർത്തിയാക്കി. ഇതോടൊപ്പം പ്ലംബിഗ്, ബ്യൂട്ടീഷൻ , ഇലക്ട്രീഷൻ കോഴ്സുകളും ഗ്രന്ഥശാലയിൽ ഉടൻ ആരംഭിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് കെ.കെ. സുമേഷും സെക്രട്ടറി സമദ് മുടവനയും പറഞ്ഞു.