"കനിവോണ'ത്തിന്റെ പകിട്ടിൽ ആൽബർട്സ് കോളജ്
1452948
Friday, September 13, 2024 3:49 AM IST
കൊച്ചി: ഓണാഘോഷത്തെ യുവത്വത്തിന്റെ കനിവുനിറഞ്ഞ മനസുകളുടെ ആവേശാനുഭവമാക്കി എറണാകുളം സെന്റ് ആൽബർട്സ് കോളജ്. "കനിവോണം കളറോണം' എന്ന പേരിൽ കോളജിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ കരുണ സ്പെഷൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കൂട്ടുകാരായിരുന്നു താരങ്ങൾ. അവർക്കൊപ്പമായിരുന്നു കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഓണാഘോഷം.
വിദ്യാർഥികൾ തങ്ങളുടെ സന്പാദ്യത്തിൽ നിന്നു നീക്കിവച്ച തുക വയനാട് ദുരന്തത്തിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയും ഓണാഘോഷത്തെ വ്യത്യസ്തമാക്കി. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ തുകയുടെ ചെക്ക് ഏറ്റുവാങ്ങി. വിദ്യാർഥികളിൽ സംരംഭകത്വം വളർത്തുന്നതിന്റെ ഭാഗമായി കോളജിൽ സംഘടിപ്പിച്ച ഓൺട്രപ്രണർഷിപ് ഡവലപ്മെന്റ് ക്ലബിന്റെ പ്രദർശനത്തിൽ, വിദ്യാർഥികൾ നിർമിച്ച സാധനങ്ങളുടെ വില്പനയിലൂടെ ലഭിച്ച തുകയുടെ വിഹിതവും വയനാടിന്റെ പുനരധിവാസത്തിനായി നൽകി.
ഓണപ്പാട്ടും തിരുവാതിരയും മാവേലി മന്നനുമൊക്കെ പഴമയുടെ ഓർമപ്പെടുത്തലായപ്പോൾ, പുത്തൻ തലമുറയുടെ ആവേശക്കാഴ്ചകളും സെന്റ് ആൽബർട്സിലെ ഓണാഘോഷത്തെ നിറമുള്ളതാക്കി. കോളജ് സാമൂഹിക സേവനത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ മികവിനുള്ള ജിസിഡിഎ അവാർഡ് ചടങ്ങിൽ നൽകി.
കോളജ് ചെയര്‍മാനും മാനേജരുമായ റവ. ഡോ. ആന്റണി തോപ്പില്‍, പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസഫ് റെബല്ലോ, കോർപറേഷൻ കൗൺസിലർ മനു ജോസഫ്, അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. എം.സി. സാബു, ജിസിഡിഎ ടൗൺ പ്ലാനിംഗ് ഓഫീസർ ശ്രീറാം, ഗ്രീഷ്മ എന്നിവർ എന്നിവർ പ്രസംഗിച്ചു.