കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആര്‍ഐ
1452936
Friday, September 13, 2024 3:21 AM IST
കൊച്ചി: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ക്രോമസോം തലത്തില്‍ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തല്‍.
ജലാശയ മലിനീകരണം എളുപ്പത്തില്‍ മനസിലാക്കാനും ഭാവിയില്‍ കാന്‍സര്‍ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കും. നേരത്തെ മത്തിയുടെ ജനിതകഘടനയും സിഎംഎഫ്ആര്‍ഐ കണ്ടെത്തിയിരുന്നു.
സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.
വളര്‍ച്ച, പ്രത്യുല്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉല്പാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
കാന്‍സറുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് വെളിച്ചം നല്‍കാനും പുതിയ സങ്കേതകങ്ങള്‍ വികസിപ്പിക്കാനും കല്ലുമ്മക്കായയുടെ ജനിതകവിവരങ്ങള്‍ പ്രയോജനപ്പെടും. കാന്‍സര്‍ പ്രതിരോധശേഷിയുള്ളത് ഉള്‍പ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീന്‍ കോഡിംഗ് ജീനുകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് ഡാറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ഡോ. എ. ഗോപാലകൃഷ്ണന്, വി.ജി. വൈശാഖ്, ഡോ. വില്‍സണ്‍ സെബാസ്റ്റ്യന്‍, ഡോ. ലളിത ഹരി ധരണി, ഡോ. അഖിലേഷ് പാണ്ഡെ, ഡോ. അഭിഷേക് കുമാര്‍, ഡോ. ജെ.കെ. ജെന എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി.