മരംവെട്ടുന്നതിനിടെ മരക്കൊന്പൊടിഞ്ഞ് യുവാവിനു ദാരുണാന്ത്യം
1452552
Wednesday, September 11, 2024 10:55 PM IST
പറവൂർ: തണൽ മരം വെട്ടിമാറ്റുന്നതിനിടയിൽ മരക്കൊന്പൊടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പറവൂർ തത്തപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന വയനാട് വട്ടപ്പാറ പഴയ വൈതിരി ആയിഷ പ്ലാന്േറഷനിൽ തപസിയുടെ മകൻ മോനു എന്ന് വിളിക്കുന്ന മോഹൻകുമാർ (28) ആണ് മരിച്ചത്. അരയിൽ രക്ഷയ്ക്കായി കെട്ടിയിരുന്ന കയർ മുറുകി ആയിരുന്നു മരണം.
വെട്ടേണ്ട കൊന്പിനു മുകളിലായി ശരീരത്തിലെ സേഫ്റ്റി ബെൽറ്റുമായി ബന്ധിച്ചിരുന്ന കയർ കൊളുത്തിയിരുന്ന കന്പ് ഒടിഞ്ഞതോടെ മോഹനൻ 45 അടിയോളം ഉയരത്തിൽ തൂങ്ങികിടക്കുന്ന നിലയിലായിരുന്നു. പറവൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി സാഹസികമായി താഴെ ഇറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പറവൂർ ആശുപത്രി വളപ്പിലെ പാഴ്മരങ്ങൾ വെട്ടിമാറ്റുന്നതിന് മോഹൻ കരാറെടുത്തിരിക്കുകയായിരുന്നു ഒരാഴ്ചയായി തുടരുന്ന പണി ഇന്നലെ തീരാനിരിക്കെ ആയിരുന്നു അപകടം. മൂന്നു വർഷമായി തത്തപ്പിള്ളിയിൽ കുടുംബസമേതം താമസിക്കുന്ന മോഹനന്റെ ഭാര്യ വീട് വൈപ്പിൻ നെടുങ്ങാടാണ്.
അവിടെ രണ്ടുവർഷക്കാലം താമസിച്ച ശേഷമാണ് മുന്നു വർഷം മുന്പ് തത്തപ്പിള്ളിയിൽ താമസമാക്കിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: അശ്വതി. മക്കൾ: ഋതിക, ഋഷിക, ഋഷ്വി.