കളമശേരിയിൽ തെരുവുനായ ആക്രമണം; നഗരസഭയ്ക്ക് മൗനം
1452416
Wednesday, September 11, 2024 3:59 AM IST
കളമശേരി: കളമശേരിയിൽ തെരുവുനായ ശല്യം വർധിച്ചു. കളമശേരി നഗരസഭ 37-ാം വാർഡിൽ നജാത്ത് നഗർ പരിസരത്താണ് ചൊവ്വാഴ്ച തെരുവുനായ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടരയോടെയാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. നജാത്ത് നഗറിൽ അങ്കണവാടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയായ പുരുഷനാണ് ആദ്യം കടിയേറ്റത്. ഇയാളുടെ കൈക്കും മുഖത്തും നായയുടെ കടിയേറ്റു.
പിന്നീട് ഇതുവഴി വന്ന വട്ടേക്കുന്നം പട്ടാളം നാസർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ചെല്ലത്തായിയുടെ (56) മേൽ ചാടിവീണ നായയുടെ കടിയേറ്റ് കൈയിലെ അഞ്ച് വിരലിലും മുറിവേറ്റു.
ഇതിനു ശേഷം വീട്ടിലെ മുറ്റത്ത് ഓല മെടഞ്ഞു കൊണ്ടിരുന്ന പടിഞ്ഞാക്കര വീട്ടിൽ സരോജിനിക്ക് (76) നായയുടെ ആക്രമണത്തിൽ നെറ്റിയിൽ മുറിവേറ്റു. മൂന്നു പേരും എറണാകുളം ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഉച്ചയ്ക്ക് ഒന്നരയോടെ നജാത്ത് പബ്ലിക് സ്കൂൾ കോമ്പൗണ്ടിലും ഇതേ നായ കടിക്കാനായി വിദ്യാർഥികളെ ഓടിച്ചു. പേപ്പട്ടിയാണൊ എന്ന ആശങ്കയിലാണ് നാട്ടുകാർ.
വിവരമറിഞ്ഞെത്തിയ വാർഡ് കൗൺസിലർ റഫീഖ് മരക്കാർ നജാത്ത് നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നായയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സ്കൂൾ വിട്ട് വിദ്യാർഥികൾ വരുന്ന സമയമായതിനാൽ കൗൺസിലറും നജാത്ത് നഗർ ഭാരവാഹികളും വടികളുമായി വഴിയിൽ കാവൽ നിന്നു സുരക്ഷിതമായി വിദ്യാർത്ഥികളെ കടത്തിവിട്ടു. നഗരസഭ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കൗൺസിലർ കുറ്റപ്പെടുത്തി.