കോട്ടപ്പടിയിൽ കാട്ടാന ആക്രമണം വീണ്ടും; വയോധികന് പരിക്ക്
1452396
Wednesday, September 11, 2024 3:38 AM IST
കോതമംഗലം: കോട്ടപ്പടിയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്. കോട്ടപ്പടി വാവേലി കുരിശുംതൊട്ടിക്ക് സമീപം മഠത്തുംപാറ വർക്കി(72)ക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ വർക്കിയെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലും തലയ്ക്കും നെഞ്ചിനും പരിക്കുമുണ്ട്. പലചരക്ക് കടയിൽ പോയി വീട്ടിലേക്ക് നടന്നുവരുന്പോൾ ഇന്നലെ വൈകുന്നേരം 6.30 ഓടെ സ്വന്തം പുരയിടത്തിൽ വച്ചാണ് ആന ആക്രമിച്ചത്.
തുന്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വർക്കി തെറിച്ച് വീണ് മൂക്കിലൂടെ രക്തം വാർന്ന് കിടക്കുകയായിരുന്നു. കുരിശുംതൊട്ടി വട്ടപ്പാറ റോഡിലാണ് വർക്കിയുടെ വീട്. റോഡിലൂടെ വരുന്നതിന് പകരം എളുപ്പ മാർഗമായി സമീപവാസികളുടെ പറന്പുകളിലൂടെ കടന്നുവരുന്പോഴാണ് ആനയുടെ മുന്നിലകപ്പെട്ടത്. നാല് ആനകൾ പുരയിടത്തിൽ ഉണ്ടായിരുന്നു. ഇതിൽ ഒരാനയാണ് ആക്രമിച്ചത്.
പറന്പിൽ ആന ഇറങ്ങിയിട്ടുണ്ടെന്ന് മറ്റൊരാളിൽനിന്ന് വിവരം അറിഞ്ഞ് വർക്കിയുടെ മകൻ റെന്നി വർഗീസ് സമീപ വീട്ടുകാരെ ഇക്കാര്യം ഫോണിലൂടെ അറിയിക്കുന്നതിനിടെയാണ് പിതാവിനെ ആന ആക്രമിച്ച വിവരം അറിഞ്ഞത്. വാഹനവുമായെത്തിയ റെന്നിയും സമീപവാസികളും ചേർന്നാണ് വർക്കിയെ ആശുപത്രിയിൽ എത്തിച്ചത്.