കരിയില പൊടിക്കാൻ യന്ത്രം; നൂതന ആശയവുമായി വിശ്വജ്യോതി കോളജ്
1452142
Tuesday, September 10, 2024 4:04 AM IST
മുവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമിച്ച ‘ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ' (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായകരമാകും.
ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ പൂർണമായും നശിക്കാൻ ഏകദേശം ഒരു വർഷം എടുക്കും. ഇലകൾ ചെറുതായി പൊടിക്കുമ്പോൾ അത് ഒരു മാസത്തിനുള്ളിൽ അഴുകും. ഇതിന്റെ അളവ് സാധാരണ ഇലയേക്കാൾ15 മടങ്ങ് കുറവായിരിക്കും. അതുവഴി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സംഭരിക്കാനും കഴിയും. കുറഞ്ഞ അറ്റകുറ്റപ്പണിയിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
മെഷീനിന്റെ രൂപകൽപ്പനയും നിർമാണവും പൂർണമായും കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗമാണ് നിർവഹിച്ചത്. മെഷീൻ ലോഞ്ചിംഗ് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തിൽ, ഡയറക്ടർ പോൾ പാറത്താഴം, കെ. ഫ്രാൻസിസ് ജോർജ് എംപി, കെ.കെ. രാജൻ, സോമി പി. മാത്യു, കെ. ഷണ്മുഖേഷ് എന്നിവർ പങ്കെടുത്തു.