‘ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ജനകീയ പിന്തുണ ഉറപ്പാക്കണം’
1452136
Tuesday, September 10, 2024 4:00 AM IST
പോത്താനിക്കാട്: ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ജനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. മാലിന്യ സംസ്കരണത്തിന് ജനങ്ങള്‍ നല്കുന്ന യൂസര്‍ ഫീയാണ് ഇവരുടെ ഏക വരുമാനം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് അതാത് പഞ്ചായത്തുകളിലും നഗരസഭയിലും സംഘടിപ്പിച്ചുവരികയാണ്. ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചാല്‍ മാത്രമേ മാലിന്യ സംസ്കരണം ഒരു തൊഴിലായി മാറ്റുവാന്‍ ഇവര്‍ക്ക് കഴിയുകയുള്ളു.
മാത്യു കുഴല്നാടന് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരം സംഘടിപ്പിച്ച ചടങ്ങില്‍ എല്ലാ അംഗങ്ങള്‍ക്കും എംഎല്‍എ ഓണക്കോടി നല്കി.
‘ഹരിത കര്‍മസേനയ്ക്ക് നൂതന സംരംഭങ്ങള്‍ ആരംഭിക്കാൻ പ്രോത്സാഹനം നല്‍കണം’
മുവാറ്റുപുഴ: ഹരിത കര്‍മസേനയ്ക്ക് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. പാഴ് വസ്തുക്കളില്‍നിന്നു നിര്‍മിച്ചെടുക്കാവുന്ന പുതിയ സംരംഭങ്ങളിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ ഹരിത കര്‍മസേനയിലെ അംഗങ്ങള്‍ക്ക് സാധിക്കും.
മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങള്‍ക്കും എംഎല്‍എ ഓണക്കോടി വിതരണം ചെയ്തു.
എംഎല്‍എ മുന്‍കൈ എടുത്തു മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനം മാത്രമായി ഹരിത കര്‍മസേനയിലെ അംഗങ്ങളെ മാറ്റരുത്. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.