ദേശീയപാതയരികിൽ അപകട ഭീഷണിയായി ചരക്കുലോറികളുടെ പാർക്കിംഗ്
1452130
Tuesday, September 10, 2024 3:47 AM IST
ആലുവ: ദേശീയപാതയരികിലെ പാർക്കിംഗ് നിരോധിച്ച് പിഴ ഈടാക്കിയിരുന്ന മേഖലയിൽ അപകടങ്ങൾ സൃഷ്ടിച്ച് വീണ്ടും ചരക്ക് ലോറികളുടെ പാർക്കിംഗ്. നിരവധി അപകടങ്ങൾ നടന്നിട്ടും പോലീസ് നടപടിയെടുക്കാത്തതിനെതിരെ തായിക്കാട്ടുകര ഐശ്വര്യ നഗർ റസിഡന്റ്സ് അസോസിയേഷൻ പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഐശ്വര്യ നഗറിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം നടന്നിരുന്നു. ഐശ്വര്യ നഗറിലെ താമസക്കാർക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ പോലും കഴിയാതെ പ്രധാനഗേറ്റിന്റെ ഇരുവശത്തും ചരക്കുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതായാണ് പരാതി.
ദേശീയപാതയിൽ മുട്ടം മുതൽ പുളിഞ്ചോട് വരെ ചരക്ക് വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഒരാഴ്ച മാത്രം പരിശോധന നടത്തിയപ്പോൾ ഒരു ലോറിയിൽ നിന്ന് 1000 രൂപ വീതം അനധികൃത പാർക്കിംഗ് ഇനത്തിൽ 1.80 ലക്ഷം രൂപ പിഴയായും ലഭിച്ചിരുന്നു.
അമ്പാട്ടുകാവിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് തിരുവനന്തപുരം സ്വദേശി മരണമടഞ്ഞതോടെയാണ് അനധികൃത പാർക്കിംഗ് നിരോധിച്ചത്. പരിശോധന നടത്താൻ ആവശ്യമായ സേനാംഗങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്.